പോത്തൻകോട്: പള്ളിപ്പുറത്ത് ജുവലറി ഉടമയെ ആക്രമിച്ച് 100 പവൻ കവർന്ന സംഭവത്തിൽ അക്രമികളെത്തിയ കാർ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. വിവിധയിടങ്ങളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. എന്നാൽ കാറിന്റെ നമ്പർ പ്ളേറ്റുകൾ വ്യാജമെന്നതാണ് പൊലീസിന് കുഴപ്പിക്കുന്നത്. മോഷണം നടന്ന സമയത്തും അതിനുമുമ്പും ശേഷവും സമീപ റോഡുകളിൽ സഞ്ചരിച്ച കാറുകളുടെ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെ നഗരത്തിൽ സമാന സ്വഭാവമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ സ്റ്റേഷനുകളിൽ സ്വർണം തട്ടിയെടുത്ത സംഭവങ്ങളിൽ പ്രതികളായവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. അതിനിടെ പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തമിഴ്‌നാട് പൊലീസുമായി സഹകരിച്ച്‌ അന്വേഷണം നടക്കുന്നുണ്ട്.