തിരുവനന്തപുരം: വാക്‌സിൻ വിതരണം വ്യാപകമായിരിക്കുന്ന ഘട്ടത്തിൽ ജില്ലയിൽ വാക്‌സിൻക്ഷാമം രൂക്ഷം. ഇതോടെ ക്രഷ് ദ കർവ് മാസ് വാക്‌സിനേഷൻ ക്യാമ്പുകൾക്ക് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തി.നിലവിൽ 30000 ഡോസ് കൊവാക്‌സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. ഇന്നലെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലേക്കായി 68,000 ഡോസ് ലഭിച്ചിരുന്നു. ഇതിൽ നിന്ന് ജില്ലയ്ക്ക് ലഭിച്ചതാണ് 30,000 ഡോസ്.വെള്ളിയാഴ്‌ച കൂടുതൽ വാക്‌സിൻ എത്തുമെന്നാണ് ജില്ലാ അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അതുവരെ വ്യാപകമായി ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്‌സിൻ വിതരണം നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.
തിങ്കളാഴ്ച വൈകിട്ടോടെ വാക്‌സിൻ സ്റ്റോക്ക് തീർന്നതിനാൽ ഇന്നലെ പത്തനംതിട്ടയിൽ നിന്ന് ആയിരം ഡോസ് കടം വാങ്ങിയാണ് ജില്ലയിൽ വിതരണം ചെയ്തത്. കൊവിഡിന്റെ രണ്ടാംതരംഗം ശക്തിപ്രാപിക്കുന്നതിനിടെ വാക്‌സിനേഷൻ വ്യാപകമാക്കി പ്രതിരോധം തീർക്കണമെന്ന സർക്കാർ നിർദ്ദേശം വന്നതിന് പിന്നാലെ വാക്‌സിനെടുക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനയാണ്. ഇന്നലെ വൈകിട്ട് ആറു മണിവരെ 17,186 പേരാണ് വാക്‌സിൻ സ്വീകരിക്കാനെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയിരുന്നു. എന്നാൽ മരുന്ന് ക്ഷാമമുണ്ടായതോടെയാണ് ഇന്നലെ വാക്‌സിൻ നൽകിയവരുടെ എണ്ണത്തിൽ കുറവുണ്ടായത്. വാക്‌സിൻ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന ഡോസിലും കുറവുണ്ടാകും.