തിരുവനന്തപുരം: നെടുമങ്ങാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനത്തിന് സ്ഥലം എം.എൽ.എയായ സി. ദിവാകരൻ സാമ്പത്തികസഹായം ലഭ്യമാക്കുന്നതിലടക്കം കാര്യമായൊന്നും ചെയ്തില്ലെന്നാരോപിച്ച് സ്ഥാനാർത്ഥിയും മുൻ ജില്ലാ സെക്രട്ടറിയുമായ ജി.ആർ. അനിൽ രംഗത്തെത്തിയത് ഇന്നലെ ചേർന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വാക്കുതർക്കത്തിനിടയാക്കി.
ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനത്തിനായി ചേർന്ന യോഗത്തിലാണ് ദിവാകരനും അനിലും തമ്മിൽ വാക്കേറ്റമുണ്ടായത്. ദിവാകരൻ യോഗത്തിൽ സംസാരിക്കവേ അനിൽ തർക്കമുന്നയിക്കുകയായിരുന്നു.തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ രാഷ്ട്രീയം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കൂടുതൽ ശ്രമിക്കുന്നതിന് പകരം, പെൻഷന്റെയും കിറ്റിന്റെയും കാര്യം പറയാനാണ് സ്ഥാനാർത്ഥികൾ കൂടുതലും ശ്രദ്ധിച്ചതെന്ന് ദിവാകരൻ യോഗത്തിൽ പറഞ്ഞു. രാഷ്ട്രീയം പറഞ്ഞുവേണം തിരഞ്ഞെടുപ്പിനെ നേരിടാൻ. കമ്മ്യൂണിസ്റ്റുകാർ അതാണ് ചെയ്യേണ്ടതെന്നും നമ്മുടെ സ്ഥാനാർത്ഥികളും അതിൽ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതൊക്കെ സംസ്ഥാന നേതൃത്വം ശ്രദ്ധിക്കേണ്ട കാര്യമായിരുന്നുവെന്ന് ഇതിനിടയിൽ ജി.ആർ. അനിൽ തർക്കമുന്നയിച്ചു. നീ അവിടെ ഇരിക്കൂ, ഞാൻ സംസാരിക്കട്ടെയെന്ന് ദിവാകരൻ പറഞ്ഞതോടെ അനിൽ വീണ്ടും ആക്ഷേപമുയർത്തി.
നെടുമങ്ങാട്ടെ പ്രചാരണരംഗത്ത് എം.എൽ.എയുടെ സംഭാവന കാര്യമായുണ്ടായില്ലെന്നും സാമ്പത്തിക സഹായമടക്കം ചെയ്തില്ലെന്നും അനിൽ കുറ്റപ്പെടുത്തി. തന്നാലാവുന്നത് ചെയ്തിട്ടുണ്ടെന്നും പാർട്ടി ബോധം മറന്നൊന്നും പ്രവർത്തിക്കാനാവില്ലെന്നും ദിവാകരൻ മറുപടി നൽകി. എന്നോട് തർക്കിക്കാൻ നീ ആളായിട്ടില്ലെന്നും പറഞ്ഞു. വാക്കേറ്റം രൂക്ഷമായതോടെ മറ്റ് നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ജില്ലയിൽ ഇടതുമുന്നണിക്ക് മികച്ച വിജയമുണ്ടാകുമെന്ന് യോഗം വിലയിരുത്തി.