തിരുവനന്തപുരം: ജൈവ കൃഷി പ്രോത്സാഹിപ്പിക്കാൻ ആർ.എസ് എസ് ദേശീയ തലത്തിൽ ആരംഭിച്ച ഭൂസുപോഷൺ ക്യാമ്പയിൻ കേരളത്തിലും തുടങ്ങി. വിവിധ കേന്ദ്രങ്ങളിൽ ആർ.എസ്. എസ് പ്രവർത്തകർ ഭൂമി പൂജ നടത്തി. മാതൃ-പുത്ര ബന്ധമാണ് ഭാരതീയർക്ക് ഭൂമിയുമായുള്ളതെന്ന് ശ്രീകണ്ഠേശ്വരത്തെ പരിപാടി ഉദ്ഘാടനം ചെയ്ത ആർ.എസ്.എസ് ദേശീയ പ്രവർത്തക സമിതി അംഗം എസ്. സേതുമാധവൻ പറഞ്ഞു.
അധികസാമ്പത്തിക നേട്ടത്തിനായി രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കുന്നതിലൂടെ ഭൂമിയുടെ ഊർവരത നശിച്ചുപോകുന്നു. ഇത്തരത്തിൽ 94.4 ദശലക്ഷം ഹെക്ടർ ഭൂമിയാണ് തരിശു നിലങ്ങളായത്. നിരവധി നദികളുള്ള കേരളത്തിൽ വരൾച്ച അനുഭവപ്പെടുന്നതും ഉഷ്ണം വർദ്ധിക്കുന്നതും നാം പ്രകൃതിയോട് ചെയ്യുന്ന കൊള്ളരുതായ്മയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ശുചീകരണ തൊഴിലാളികളായ പ്രജിത്ത്, സി.കെ.ശോഭന . എന്നിവരെ ഭൂമി സുപോഷണ അഭിയാൻ സംസ്ഥാന സംയോജക് സി.സി. ശെൽവൻ ആദരിച്ചു. വിഭാഗ് പ്രചാരക് ഗോപാലകൃഷ്ണൻ, ക്ഷേത്രസംരക്ഷണസമിതി ശ്രീകണ്‌ഠേശ്വരം മാതൃസമിതി സെക്രട്ടറി ആശ എന്നിവർ സംസാരിച്ചു. ശ്രീകണ്‌ഠേശ്വരം ചട്ടമ്പിസ്വാമി പാർക്കിൽ കലശാഭിഷേകവും വൃക്ഷപൂജയും വൃക്ഷത്തൈ നടീലും നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ചടങ്ങ് സംഘടിപ്പിച്ചു