കിളിമാനൂർ: കാർ കടന്നുപോകാൻ സൈഡ് നൽകിയില്ലെന്നാരോപിച്ച് യുവാവിനെ നാലംഗ സംഘം മർദ്ദിച്ചു. കിളിമാനൂർ പുതിയകാവ് വടക്കുംമുറി വീട്ടിൽ ഡോസനാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. സംഭവത്തിൽ കിളിമാനൂർ വർത്തൂർ സ്വദേശിയായ സുനിൽ, സുഹൃത്തുക്കളായ പ്രകാശ്, ബിബിൻ, അർജുൻ എന്നിവർക്കെതിരെ കിളിമാനൂർ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി 8ഓടെയായിരുന്നു സംഭവം. ഭാര്യയുമൊത്ത് എള്ളുവിളയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു ഡോസൻ. ചിറ്റിലഴികം കാവിന് സമീപത്തുവച്ച് എതിരെ കാറിൽ വരികയായിരുന്ന സംഘം ഡോസന്റെ കാറിൽ ഇടിക്കാൻ ശ്രമിച്ചു. കാർ ഇടിക്കാതിരിക്കാനായി വശത്തേയ്ക്ക് മാറ്റി നിറുത്തിയ ശേഷം ചോദ്യം ചെയ്‌തപ്പോഴാണ് ഡോസനെ മർദ്ദിക്കുകയും അടിവയറ്റിൽ ചിവിട്ടുകയും അസഭ്യം വിളിക്കുകയും ചെയ്‌തത്. ഇതുകണ്ട് പുറത്തിറങ്ങിയ ഭാര്യയെയും ഇവർ അസഭ്യം വിളിച്ചു. ഭാര്യയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു.