തെറ്റു ചെയ്തെന്ന് അർത്ഥമില്ല
മന്ത്രി കെ.ടി. ജലീലിന്റെ രാജി ധാർമ്മികത ഉയർത്തിപ്പിടിച്ചാണ്.രാജിവച്ചെന്ന് കരുതി തെറ്റ് ചെയ്തെന്ന് അർത്ഥമില്ല.പൊതു ജീവിതത്തിന്റെ മാന്യത ഉയർത്തിപ്പിടിച്ചയാളാണ് ജലീൽ. പാർട്ടി ആവശ്യപ്പെട്ടിട്ടാണോ രാജി എന്നതല്ല, ജലീൽ രാജി വച്ചെന്നതാണ് പ്രധാനം
എ.വിജയരാഘവൻ ,സി.പി.എം ആക്ടിംഗ് സെക്രട്ടറി
മുഖ്യമന്ത്രിയും രാജിവയ്ക്കണം
കെ.ടി ജലീലിന്റെ രാജി ധാർമ്മികത അടിസ്ഥാനമാക്കിയാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കണം.കള്ളത്തരം കൈയോടെ പിടിക്കപ്പെട്ടപ്പോൾ നിവൃത്തികേട് കൊണ്ട് കസേരയൊഴിഞ്ഞതാണ്. ഇര വാദവും മാദ്ധ്യമ വേട്ടയും ഉയർത്തി സഹതാപം പിടിച്ചു പറ്റാനുള്ള ശ്രമം പരിഹാസ്യമാണ്.
വി. മുരളീധരൻ ,കേന്ദ്ര മന്ത്രി
രാജി നിൽക്കക്കള്ളിയില്ലാതെ
ധാർമ്മികതയുടെ പേരിലല്ല, നിൽക്കക്കള്ളിയില്ലാതെ വന്നതോടെയാണ് മന്ത്രി കെ.ടി. ജലീൽ രാജിവച്ചത്. ജനങ്ങളുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദ്ദം ഉണ്ടായതിനാലാണ് ഒടുവിൽ രാജിവച്ചത്. ധാർമ്മികത ഉണ്ടായിരുന്നെങ്കിൽ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കില്ലായിരുന്നു.
രമേശ് ചെന്നിത്തല ,പ്രതിപക്ഷ നേതാവ്
രാജി മനസില്ലാമനസോടെ
രാജി ഒഴിവാക്കാൻ പരമാവധി ശ്രമിച്ച ശേഷം അർദ്ധമനസോടെയാണ് ജലീൽ രാജിവച്ചത്. ജലീലിന് മാന്യതയുണ്ടായിരുന്നെങ്കിൽ ലോകായുക്ത വിധി വന്ന ദിവസംതന്നെ രാജിവയ്ക്കണമായിരുന്നു. ജലീലിനെ സംരക്ഷിക്കാനാണ് സി.പി.എമ്മും നിയമമന്ത്രിയും ശ്രമിച്ചത്. ഒപ്പിട്ട മുഖ്യമന്ത്രിക്കും ധാർമ്മിക ഉത്തരവാദിത്വമുണ്ട്.
മുല്ലപ്പളളി രാമചന്ദ്രൻ ,കെ.പി.സി.സി പ്രസിഡന്റ്
മുഖ്യമന്ത്രിയും രാജിവയ്ക്കണം
സ്പ്രിൻക്ളർ ഇടപാടും ആഴക്കടൽ മത്സ്യബന്ധന കരാറും പോലെ ബന്ധുനിയമനവും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. അതിനാൽ മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയും രാജിവയ്ക്കണം.അനധികൃത നിയമനത്തിനുവേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.
കെ. സുരേന്ദ്രൻ ,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
നല്ല മാതൃക
കെ.ടി. ജലീലിന്റെ രാജി നല്ല മാതൃകയാണ്. പാർട്ടിയുടെയും മുന്നണിയുടെയും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള രാജി അംഗീകരിക്കുന്നു.
എം.എ. ബേബി,സി.പി.എം പി.ബി അംഗം
അവസാന നിമിഷവും നുണ
രാഷ്ട്രീയ ധാർമ്മികതയുടെ പേരിലാണ് രാജിയെന്ന കെ.ടി. ജലീലിന്റെ വാദം തെറ്റാണ്.ധാർമ്മികത ഉണ്ടെങ്കിൽ ജലീൽ നേരത്തേ രാജി വയ്ക്കണമായിരുന്നു. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാജിവയ്ക്കാനുള്ള തീരുമാനമെടുത്തത്.
പി.കെ. ഫിറോസ് ,യൂത്ത് ലീഗ് ജനറൽ സെക്രട്ടറി