പോത്തൻകോട്: പള്ളിപ്പുറത്ത് സ്വർണ വ്യാപാരിയെ ആക്രമിച്ച് 100 പവൻ കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കഠിനംകുളം പടിഞ്ഞാറ്റുമുക്ക് സ്വദേശി അൻസാർ (28), തൊളിക്കോട് മാങ്കോട്ടുകോണം സ്വദേശി നൗഫൽ (29), അണ്ടൂർക്കോണം തിരുവെള്ളൂർ സ്വദേശി ഫൈസൽ (23), മംഗലപുരം സ്വദേശി അൽ അമീൻ (20), പോത്തൻകോട് അയിരുപ്പാറ സ്വദേശി ഷഹനാസ് (22) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
കാറും രണ്ട് പ്രതികളെയും കഠിനംകുളം സ്‌റ്റേഷൻ പരിധിയിൽ നിന്നാണ് പിടിച്ചത്. ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ സംഭവത്തിൽ നേരിട്ട് പങ്കെടുത്തെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പള്ളിപ്പുറം ടെക്‌നോസിറ്റിക്ക് സമീപം ദേശീയ പാതയിൽ വച്ച് സ്വർണ വ്യാപാരിയെ ആക്രമിച്ച് കവർച്ച നടത്തിയത്. മൂന്നു ദിവസം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് അഞ്ചു പേർ പിടിയിലായത്. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല. സ്വർണ വ്യാപാരിയുടെ മൊഴിയും പ്രതികളുടെ രേഖാചിത്രവും സി.സി ടിവി ദൃശ്യങ്ങളുമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. രണ്ട് കാറുകൾ സി.സി ടിവിയിൽ പതിഞ്ഞെങ്കിലും ഒരു സ്വിഫ്റ്റ് കാർ മാത്രമേ കണ്ടെത്താനായുളളൂ. സ്വർണവ്യാപാരിയുടെ സഹായിയെ തട്ടിക്കൊണ്ടുപോയത് ഈ കാറിലായിരുന്നു. തമിഴ്നാട് രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റുകൾ പൊലീസിന് ലഭിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. രണ്ടാമത്തെ കാർ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സംഘം. പ്രദേശവാസികളുടെ സഹായം ഇവർക്ക് ലഭിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളിൽ നിന്ന് കവർന്ന സ്വർണത്തിന്റെ പകുതിയിലേറെ പൊലീസ് കണ്ടെത്തി. ബാക്കി സ്വർണം കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജുവലറി ഉടമയുടെ കാറിലെ രഹസ്യഅറയിൽ ഒളിപ്പിച്ച മുക്കാൽകോടി രൂപ കണ്ടെത്തിയെന്നും സൂചനയുണ്ട്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ജുവലറി ഉടമയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.