editorial-

രാജ്യമൊട്ടാകെ കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മേയ് നാലിന് തുടങ്ങേണ്ടിയിരുന്ന സി.ബി.എസ്.ഇ പത്താം ക്ളാസ് വാർഷിക പരീക്ഷ ഉപേക്ഷിച്ചിരിക്കുകയാണ്. ഇതേ ദിവസം ആരംഭിക്കേണ്ട പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാറ്റിവച്ചിട്ടുമുണ്ട്. ജൂൺ ആദ്യവാരം സ്ഥിതിഗതികൾ വിലയിരുത്തിയശേഷം പന്ത്രണ്ടാം ക്ളാസ് പരീക്ഷയുടെ പുതുക്കിയ തീയതിയെക്കുറിച്ച് ആലോചിക്കുമെന്നാണു അറിയിപ്പ്. സ്ഥിതി ഇതേ നിലയിലാണെങ്കിൽ പരീക്ഷ പിന്നെയും നീണ്ടുപോയേക്കാം. ഏതായാലും പരീക്ഷ തുടങ്ങുന്നതിനു പതിനഞ്ച് ദിവസം മുൻപ് വിവരം വിദ്യാർത്ഥികളെ അറിയിക്കുമെന്ന ഉറപ്പും അധികൃതർ നൽകുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയായി കരുതുന്ന പത്തും പന്ത്രണ്ടും ക്ളാസ് പരീക്ഷകൾ രാജ്യത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിനു കുട്ടികളെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. സംസ്ഥാനങ്ങളിൽ ബോർഡ് പരീക്ഷകൾ പലയിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ബോർഡ് പരീക്ഷകളും മാർച്ചിൽ തുടങ്ങേണ്ടിയിരുന്നതാണെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു. അതിനിടയിലാണ് മഹാമാരി വീണ്ടും ഗുരുതരമായ നിലയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. പരീക്ഷയെക്കാൾ വലുത് കുട്ടികളുടെ ജീവനാണെന്ന തിരിച്ചറിവിലാണ് കേന്ദ്രം സി.ബി.എസ്.ഇ പരീക്ഷകളുടെ കാര്യത്തിൽ ഇപ്പോഴത്തെ തീരുമാനമെടുത്തിരിക്കുന്നത്. പത്താംക്ളാസ് പരീക്ഷ റദ്ദാക്കുമ്പോൾ കുട്ടികളുടെ യോഗ്യതാ മാനദണ്ഡം നിർണയിക്കാൻ പുതിയ ഉപാധികൾ സ്വീകരിക്കേണ്ടിവരും. ഇതിനകം നടന്ന ക്ളാസ് പരീക്ഷകളുടെയും മോഡൽ പരീക്ഷകളുടെയും ഗ്രേഡും മാർക്കും അടിസ്ഥാനമാക്കി മേൽക്ളാസിലേക്കുള്ള യോഗ്യതാ മാനദണ്ഡം നിശ്ചയിക്കുമെന്നാണു സൂചന. കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെയധികം മാനസിക പ്രയാസം സൃഷ്ടിക്കുന്ന കാര്യമാണിതെല്ലാം. യോഗ്യതാ പരീക്ഷയിൽ മികവു കാട്ടാൻ കൊതിച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം പരീക്ഷ റദ്ദാക്കൽ കടുത്ത ഇച്ഛാഭംഗത്തിനു കാരണമാവുകയും ചെയ്യും. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതല്ലാതെ മറ്റു വഴിയില്ലാത്തതിനാൽ പൊരുത്തപ്പെടുകയേ മാർഗമുള്ളൂ. ഇനി നടക്കാനിരിക്കുന്ന മറ്റു വലിയ പരീക്ഷകളും അനിശ്ചിതത്വത്തിന്റെ നിഴലിലാണെന്നതു മറന്നുകൂടാ. മഹാമാരി സൃഷ്ടിക്കുന്ന അത്യസാധാരണവും ഗുരുതരവുമായ സ്ഥിതിവിശേഷം പരിഗണിക്കുമ്പോൾ പത്താംക്ളാസ് പരീക്ഷ റദ്ദാക്കലും പന്ത്രണ്ടാം ക്ളാസ് പരീക്ഷ നീട്ടിവച്ചതുമൊക്കെ അനിവാര്യമായ മാറ്റമായിത്തന്നെ കാണണം. കുട്ടികളായാലും മുതിർന്നവരായാലും സാഹചര്യങ്ങൾക്കനുസരിച്ച് മനസിനെ പാകപ്പെടുത്തുമ്പോഴാണ് എല്ലാം സമചിത്തതയോടെ നേരിടാനുള്ള കരുത്തുള്ളവരായി മാറുന്നത്.

അഖിലേന്ത്യാ തലത്തിൽ നടക്കേണ്ട പ്രവേശന പരീക്ഷകളെ കൊവിഡ് എങ്ങനെയെല്ലാം ബാധിക്കുമെന്നു പറയാറായിട്ടില്ല. പുതിയ അദ്ധ്യയന വർഷവും കുട്ടികൾക്ക് വീട്ടിടങ്ങൾ തന്നെയാകുമോ പാഠശാലകളാവുക എന്നു സംശയിക്കത്തക്ക സാഹചര്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. ഭീതിദമായ ഈ അന്തരീക്ഷത്തിലും കുട്ടികളിൽ മനോധൈര്യം പരമാവധി ജനിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചാവണം അദ്ധ്യാപക ലോകവും വിദഗ്ദ്ധരും സമൂഹവും മറ്റും ചിന്തിക്കേണ്ടത്. മാറ്റിവച്ച പരീക്ഷകൾക്കായി ഒരുങ്ങാൻ കൂടുതലായി ലഭിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്താൻ കുട്ടികൾ ശ്രദ്ധിക്കണം. ഒൻപതാം ക്ളാസ് വരെ എല്ലാവർക്കും ക്ളാസ് കയറ്റം നൽകാൻ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. ഓൺലൈൻ അദ്ധ്യയനം എങ്ങനെ കൂടുതൽ നന്നാക്കാമെന്ന് ആലോചിക്കണം. സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് വാർഷിക പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്. അവ മാറ്റിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞിട്ടുണ്ട്. അതുപോലെ അഖിലേന്ത്യാ തലത്തിൽ നടക്കുന്ന ഐ.സി.എസ്.ഇ, ഐ.എസ്.ഇ പരീക്ഷകളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ലക്ഷക്കണക്കിനു കുട്ടികൾ അക്ഷമയോടെ തീരുമാനമറിയാൻ കാത്തിരിക്കുകയാണ്.