
തിരുവനന്തപുരം:ഐ.എസ്.ആർ.ഒ. ചാരക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നതായി ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പറഞ്ഞു. ഗൂഢാലോചന നടത്തിയവരെയും പ്രവർത്തിച്ചവരെയും സി.ബി.ഐ. കണ്ടെത്തണം.അപ്പോഴേ നീതി കിട്ടി എന്ന് പറയാനാവൂ. കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും വേണം.
സി.ബി.ഐ അന്വേഷണം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തെറ്റുകാരെ നിയമത്തിനു മുന്നിൽ എത്തില്ലെങ്കിൽ നീതിക്കായുള്ള പോരാട്ടത്തിന് അർത്ഥമില്ല. കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യ സുപ്രീംകോടതി റിപ്പോർട്ടിലും സി.ബി.ഐ റിപ്പോർട്ടിലും പറഞ്ഞിട്ടുണ്ട്. ആരൊക്കെയാണിത് കെട്ടിച്ചമച്ചത് എന്നാണ് അറിയേണ്ടത്. ഒരാളോ രണ്ടാളോ കൂടുതലോ ആളുകൾ ഉണ്ടാകും. ഐ.ബി ആളുകളും പങ്കാളികളാണ്.
വിവാദം വന്നതോടെ ക്രയോജനിക് പദ്ധതിയിൽ രാജ്യം പിന്നിലായി. 1999ൽ ശരിയാകേണ്ട പദ്ധതി പൂർത്തിയാക്കാൻ 2014വരെ വൈകി. ഇതിന് ഉത്തരവാദികൾ ചാരക്കേസ് കെട്ടിച്ചമച്ചവരാണ്. സത്യം ലോകം അറിയണം.സുപ്രീം കോടതി നടപടി അർത്ഥപൂർണ്ണമാണെന്നും നമ്പിനാരായണൻ പറഞ്ഞു.