photo1

മരിച്ചത് ഉടമയും സ്ത്രീതൊഴിലാളിയും

പാലോട്: നന്ദിയോട് ചൂടൽ പത്തായക്കയത്ത് ഇടിമിന്നലിനെ തുടർന്ന് പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ സ്ഥാപന ഉടമ മീൻമുട്ടി പാലുവള്ളി ചിത്രാഭവനിൽ ശൈലസും (65), തൊഴിലാളി മീൻമുട്ടി പൊയ്യാറ്റ് മൺപുറത്ത് വീട്ടിൽ സുശീലയും (55) ദാരുണമായി മരിച്ചു. സുശീലയുടെ ഭർത്താവ് സുകുമാരൻ ഓടിമാറിയതിനാൽ രക്ഷപെട്ടു.

ഇടിമിന്നലിൽ വെടിമരുന്നിന് തീപിടിച്ചാണ് ദുരന്തം സംഭവിച്ചത്. സമീപത്തുണ്ടായിരുന്ന ഇരുചക്രവാഹനം കത്തിനശിച്ചു. പടക്കനിർമ്മാണശാലയുടെ ഭിത്തികളും തകർന്നു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. പടക്കനിർമ്മാണത്തിലേർപ്പെട്ടിരുന്ന പത്തു തൊഴിലാളികളിൽ എട്ടുപേരും അരമണിക്കൂർ മുമ്പ് മടങ്ങിയിരുന്നു. ശൈലസും തൊഴിലാളികളായ സുശീലയും സുകുമാരനും ഷെഡിനകത്തായിരുന്നു. ആദ്യപടക്കം പൊട്ടിയപ്പോൾതന്നെ സുകുമാരൻ പുറത്തേക്ക് ഇറങ്ങിയോടി. മറ്റു രണ്ടുപേരും പുറത്തിറങ്ങുംമുമ്പേ സ്ഫോടനം നടന്നു. സുശീല സംഭവ സ്ഥലത്തുവച്ചും ശൈലസ് രാത്രി പത്തരയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മരിച്ചു.

സുശീലയുടെ മൃതദേഹം നെടുമങ്ങാട് പൊതുശ്മശാനത്തിലും, ശൈലസിന്റെ മൃതദേഹം വീട്ടുവളപ്പിലും സംസ്കരിച്ചു.

ശൈലസിന്റെ ഭാര്യ: സിസിലറ്റ് ബായ്, മക്കൾ: ചിത്രകല, ചിത്രറാണി, ചിത്രരാജ്. മരുമക്കൾ: അനിൽകുമാർ, രാജേഷ്, അനു.

സുശീലയുടെ മക്കൾ: സേതു, സുമ. മരുമകൻ: സതീഷ്.

ശൈലസ് അഞ്ചു വർഷമായി പത്തായക്കയത്തിൽ ഫയർ വർക്ക്സ് എന്ന പേരിൽ സ്വന്തം പുരയിടത്തിൽ പടക്ക നിർമ്മാണശാല നടത്തിവരികയാണ്. ലൈസൻസിന് 2023 മാർച്ച് വരെ കാലാവധിയുണ്ട്.

പാലോട് സി.ഐ സി.കെ. മനോജിന്റെ നേതൃത്വത്തിൽ വിതുര ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ നായർ, സീനിയർ ഫയർ ഓഫിസർമാരയ ഹരി, സതികുമാർ, എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.