ബോളിവുഡ് സുന്ദരി മലൈക അറോറയും യുവനടൻ അർജുൻ കപൂറും തമ്മിലുള്ള പ്രണയം സിനിമാലോകം എറ്റെടുത്തുകഴിഞ്ഞതാണ്. മുൻപ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ഇരുവരും ഒന്നിച്ചാണ് താമസവും യാത്രയുമൊക്കെ. മലൈകയെക്കാളും വളരെ പ്രായം കുറവാണ് അർജുന്. ഇതിന്റെ പേരിലും നിറയെ വിമർശനങ്ങൾ താരങ്ങൾക്ക് നേരിടേണ്ടതായി വന്നിരുന്നു. ഇപ്പോഴിതാ അർജുനുമായി മലൈകയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഏറ്റവും പുതിയതായി ഡയമണ്ട് റിംഗ് ധരിച്ച് നിൽക്കുന്ന ഫോട്ടോയാണ് മലൈക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് മാത്രമല്ല കൈയിലെ മോതിരം വ്യക്തമാക്കുന്നത് പോലെ ഒരു ക്ലാസും പിടിച്ച് നിൽക്കുന്ന ചിത്രവും വിവാഹനിശ്ചയത്തിന്റെ മോതിരമാണെന്ന് സൂചന നൽകുന്ന ക്യാപ്ഷനുമാണ് കൊടുത്തിരിക്കുന്നത്. "ഈ മോതിരം എത്ര സ്വപ്നമാണ്. അതിനെ സ്‌നേഹിക്കുന്നു. സന്തോഷം ഇവിടെ തുടങ്ങുന്നു. നിങ്ങളുടെ ജീവിതത്തിലെ പ്രണയത്തിന് പൂർണത നൽകാൻ ഉദ്ദേശിക്കുന്നെങ്കിൽ അതിന് വേണ്ടിയുള്ള മനോഹരമായ മോതിരങ്ങൾ ലഭിക്കുന്നത് എവിടെയാണെന്നും നടി മെൻഷൻ ചെയ്തിരിക്കുകയാണ്. നിങ്ങളുടെ മോതിരം ഇച്ഛാനുസരണം ഉണ്ടാക്കാൻ സാധിക്കും." അതിശയം തോന്നുന്നുണ്ടെങ്കിൽ അടുത്ത ഫോട്ടോ കൂടി നോക്കാനും ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച കുറിപ്പിൽ മലൈക പറയുന്നു. അതേസമയം വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും താരദമ്പതിമാർ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ വിവാഹത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്. നടൻ അർബ്ബാസ് ഖാനുമായി ഉണ്ടായിരുന്ന വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷമാണ് മലൈക അർജുനുമായി അടുപ്പത്തിലാവുന്നത്.