പാലോട്: അന്ത്യയാത്രയ്‌ക്ക് ആറടി മണ്ണില്ലാതെ സുശീലയുടെ മൃതദേഹം നെടുമങ്ങാട്ടെ പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു. ചൂടൽ പടക്കനിർമ്മാണശാലയിലെ അപകടത്തിൽ മരിച്ച തൊഴിലാളിയാണ് സുശീല. സ്വന്തമായുള്ള 10 സെന്റ് സ്ഥലം കെ.എസ്.എഫ്.ഇ പാലോട് ശാഖയിൽ മകളുടെ വിവാഹത്തിനായി ഈട് നൽകി വായ്‌പയെടുത്തിട്ടുണ്ട്. ഈ വസ്‌തു ജപ്‌തിയുടെ വക്കിലാണ്. മൺകട്ട കൊണ്ട് കെട്ടിയ പഴയ വീട്ടിലാണ് ഇവരുടെ താമസം. കൂലിവേല ചെയ്‌തിരുന്ന ഭർത്താവ് സുകുമാരന് കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതായി. തുടർന്നാണ് സുശീല ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയത്.
ചികിത്സയിലൂടെ ഒരു കണ്ണിന്റെ കാഴ്ച ഭാഗികമായി ലഭിച്ചെങ്കിലും മറ്റ് ജോലിക്ക് പോകാൻ കഴിയാതെ വന്നതും കടവും കാരണം സുകുമാരനും പടക്കനിർമ്മാണശാലയിൽ ജോലി ചെയ്യാൻ തുടങ്ങി. കഴിഞ്ഞ ദിവസം ഇവർക്കൊപ്പം എട്ട് തൊഴിലാളികളും ഇവിടെയുണ്ടായിരുന്നു. സ്‌ഫോടനം നടക്കുന്നതിന് അരമണിക്കൂർ മുമ്പ് മറ്റുള്ളവർ വീടുകളിലേക്ക് മടങ്ങിയിരുന്നു. സുശീലയും സുകുമാരനും മാത്രമാണ് ഷെഡിലുണ്ടായിരുന്നത്. വൈകാതെ ഉടമ ശൈലസും ഇവിടെയെത്തി. മഴയും മിന്നലും ശക്തമായതിനെ തുടർന്ന് ഉണക്കാനിട്ടിരുന്ന പടക്കമെടുക്കാൻ സുകുമാരൻ പുറത്തിറങ്ങിയപ്പോഴാണ് വൻ സ്‌ഫോടനത്തോടെ നിർമ്മാണശാല കത്തിയമർന്നത്. സുശീലയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. രാത്രി 9ഓടെ ശൈലസും മരിച്ചു. സുശീല - സുകുമാരൻ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. പെയിന്റിംഗ് തൊഴിലാളിയായ മകൻ സേതു ഇവർക്കൊപ്പവും മകൾ സുമ ഭർത്താവിനൊപ്പം ചുള്ളാളത്ത് വാടകയ്‌ക്കുമാണ് താമസിക്കുന്നത്.