editorial-

വെള്ളക്കരവും കറണ്ട് ചാർജും ഇടയ്ക്കിടെ കൂട്ടുന്നത് സർക്കാരിന്റെ കഴിവുകേടായി ഇതുവരെ ആരും വിലയിരുത്തിയിട്ടില്ല. ഉത്‌പാദന ചെലവും അസംസ്‌കൃത വസ്തുക്കളുടെ വിലയും കൂടി എന്നാണ് വില വർദ്ധനവിനെ ന്യായീകരിക്കാൻ എപ്പോഴും സർക്കാർ പറയുക. ഒരേ സേവനത്തിന് ഗുണനിലവാരം മെച്ചപ്പെടുത്താതെ നിരക്ക് മാത്രം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുക എന്നത് മോശം മാനേജ്‌മെന്റിന് മാത്രം സാധിക്കുന്ന ഒന്നാണ്. അതാണ് സർക്കാരിന്റെ വാട്ടർ അതോറിട്ടിയും കെ.എസ്.ഇ.ബിയും സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയും കാലാകാലങ്ങളിൽ ചാർജ് കൂട്ടുന്നതിൽ പിന്നിലല്ല. ഡീസലിന്റെ വില കൂടിയാൽ പിന്നെ ടിക്കറ്റ് നിരക്ക് കൂട്ടാതെ എന്തുചെയ്യുമെന്ന് ചോദിക്കുമ്പോൾ ന്യായമാണെന്ന് തോന്നാം. ഇതേ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്നുകൊണ്ടിരുന്ന സമയത്താണ് ലോകമാകെ യൂബർ എന്ന സംവിധാനം വന്നത്. യാത്രക്കൂലി എത്രമാത്രം അത് കുറച്ചെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ടാക്‌സി പിടിച്ചാൽ പോക്കറ്റ് കീറുമെന്നാണ് പണ്ടൊക്കെ കേട്ടിരുന്നത്. യൂബർ വന്നപ്പോൾ കാറിൽ യാത്ര ചെയ്യുന്നതിന്റെ കൂലി കുറയുകയാണ് ചെയ്തത്. ടാക്സികൾ അപ്രത്യക്ഷമാകാനും തുടങ്ങിയിരിക്കുന്നു. വില കുറഞ്ഞുകൊണ്ടിരിക്കെ തന്നെ നല്ല സേവനം നൽകുക എന്നതാണ് എന്നത്തെയും നല്ല മാനേജ്‌മെന്റിന്റെ ലക്ഷണം. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സേവന സ്ഥാപനങ്ങൾ അപൂർവമായേ ഈ ലക്ഷണം കാണിക്കാറുള്ളൂ.

തിരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ ജനുവരിയിൽ തന്നെ വെള്ളക്കരം കൂട്ടാൻ ബന്ധപ്പെട്ടവർ തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മതി ചാർജ് വർദ്ധനയെന്ന് കൂട്ടായി മന്ത്രിമാർ തീരുമാനിച്ചു. കാരണം വെള്ളക്കരം കൂട്ടിയിട്ട് വോട്ട് ചോദിക്കാൻ ചെന്നാലുള്ള പാട് ജനപ്രതിനിധികളായ അവർക്കറിയാം. ഉദ്യോഗസ്ഥർക്ക് അറിയില്ലെങ്കിലും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെത്തുടർന്ന് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ വെള്ളക്കരം കൂട്ടിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയില്ല. പുതുതായി വരുന്ന സർക്കാർ ഉത്തരവിറക്കട്ടെ എന്ന് ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിലപാട് സ്വീകരിക്കുകയും ചെയ്തു. വാട്ടർ അതോറിട്ടിക്ക് പ്രവർത്തിക്കാൻ ഫണ്ടില്ല. അതിനാൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ കടമെടുക്കണം. കടം കൂടുതൽ വേണമെങ്കിൽ വരുമാനം കൂട്ടണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. വെള്ളക്കരം പ്രതിവർഷം 5 ശതമാനം നിരക്കിൽ വർദ്ധിപ്പിക്കാൻ തുടർന്നാണ് തീരുമാനമെടുത്തത്. ഇതിന്റെ വിശദാംശങ്ങൾ വാട്ടർ അതോറിട്ടി ഇതുവരെ തിട്ടപ്പെടുത്തി തീർന്നിട്ടില്ല. ഇനി പുതിയ സർക്കാരാവും വെള്ളക്കരം കൂട്ടുക. ഏതു സർക്കാർ വന്നാലും കൂട്ടാനാണ് സാദ്ധ്യത. കാരണം ഇനി ഉടനെയൊന്നും വോട്ടിന്റെ ആവശ്യം ഇല്ലല്ലോ.

പക്ഷേ ഇങ്ങനെ അടിയ്ക്കടി നിരക്ക് കൂട്ടിക്കൊണ്ട് കാലാകാലം തുടരാമെന്ന് ആരും കരുതണ്ട. അങ്ങനെയുള്ള ഒരു സ്ഥാപനമായിരുന്നു ബി.എസ്.എൻ.എൽ. അതിന്റെ ഇന്നത്തെ അവസ്ഥ എന്തായി? വെള്ളക്കരത്തിന്റെയും കറണ്ട് ചാർജിന്റെയും ഇനത്തിൽ അത് നയിക്കുന്നവരുടെ കഴിവുകേടിന്റെയും കള്ളത്തരങ്ങളുടെയും ചുങ്കം കൂടിയാണ് ജനങ്ങൾ വഹിക്കുന്നത്. ഇതിങ്ങനെ പോയാൽ ഇതിന് ബദലായ മാർഗങ്ങൾ ഭാവിയിൽ ഉരുത്തിരിഞ്ഞ് വരാതിരിക്കില്ല.