തിരുവനന്തപുരം: വെള്ളക്കരം കൂട്ടാൻ ഇനി തീരുമാനമെടുക്കേണ്ടത് പുതിയ സർക്കാർ. കഴിഞ്ഞ ജനുവരിയിൽ വെള്ളക്കരം കൂട്ടാൻ തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിൽ താത്കാലികമായി മരവിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ നടപടിക്ക് നീക്കം തുടങ്ങി. പക്ഷേ, പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ ഉത്തരവിറക്കാൻ ഈ സർക്കാരിനാവില്ല.
കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ ജലജീവൻ അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കാൻ വാട്ടർ അതോറിട്ടിയുടെ പക്കൽ പണമില്ല. നഷ്ടം നേരിടുന്ന സ്ഥാപനത്തിന് വായ്പ നൽകണമെങ്കിൽ വരുമാനം കൂട്ടണമെന്ന് കേന്ദ്രം നിർദേശിച്ചു. പണം തിരിച്ചടയ്ക്കുമെന്ന് ഉറപ്പുവരുത്താൻ കൂടിയാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളക്കരം കൂട്ടാൻ തീരുമാനിച്ചത്.
നഷ്ടകണക്ക്
# പ്രതിമാസ ശമ്പളം: 32.5 കോടി
# സഞ്ചിത നഷ്ടം 3343 കോടി
# നടപ്പ് വർഷത്തെ നഷ്ടം 406 കോടി
# മൊത്തം നഷ്ടം 3749 കോടി
''കൊവിഡ് വ്യാപനം കാരണം സംസ്ഥാനവരുമാനത്തിൽ കുറവ് വന്ന സാഹചര്യം പരിഗണിച്ച് കടമെടുപ്പ് പരിധി വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളക്കരം 5 ശതമാനം പ്രതിവർഷം വർദ്ധിപ്പിക്കുന്നതിന് ഉത്തരവിറക്കിയത്. പുതിയ സർക്കാർ ഉചിതമായ അന്തിമ തീരുമാനമെടുക്കും.
കെ. കൃഷ്ണൻകുട്ടി
ജലവിഭവമന്ത്രി