തിരുവനന്തപുരം: നിയമവിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേരള ലാ അക്കാഡമി ഡയറക്ടർ ഡോ. എൻ.നാരായണൻനായർക്ക് (93) അന്ത്യാഞ്ജലി.
ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലാ അക്കാഡമിയിലെ വീട്ടുവളപ്പിൽ ഇന്നലെ മൂന്നു മണിയോടെയായിരുന്നു സംസ്കാരം. നിയമജ്ഞരും ന്യായാധിപൻമാരും രാഷ്ട്രീയ പ്രമുഖരും സമൂഹത്തിലെ നാനാതുറയിൽപ്പെട്ടവരും അന്ത്യാഞ്ജലി അർപ്പിച്ചു. ഞായറാഴ്ച രാവിലെ 9ന് മരണാനന്തര ചടങ്ങുകൾ നടക്കും.
കെ.എസ്.ആർ.ടി.സി. ഫിനാൻഷ്യൽ അഡ്വൈസർ ആന്റ് ചീഫ് അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച പരേതയായ കെ. പൊന്നമ്മയാണ് ഭാര്യ. മക്കൾ : രാജ് നാരായണൻ, ഡോ. ലക്ഷ്മി നായർ (റിസർച്ച് ഡയറക്ടർ കൽസർ, ലാ അക്കാഡമി മുൻ പ്രിൻസിപ്പൽ), അഡ്വ. നാഗരാജ് നാരായണൻ (സ്‌പെഷ്യൽ ഗവ. പ്ലീഡർ കേരള ഹൈക്കോടതി).
മരുമക്കൾ: സുധാമണി, അഡ്വ. നായർ അജയ് കൃഷ്ണൻ, അഡ്വ. കസ്തൂരി.
മുൻ എം.എൽ.എയും സി.പി.എം.നേതാവുമായ കോലിയക്കോട് എൻ. കൃഷ്ണൻനായർ സഹോദരനാണ്.
സർവകലാശാല വിദ്യാഭ്യാസ രംഗത്തെ മാർഗദർശി, രാഷ്ട്രീയ തന്ത്രജ്ഞൻ എന്നീ നിലകളിൽ ശ്രദ്ധാകേന്ദ്രമായിരുന്നു നാരായണൻ നായർ. കേരളത്തിലെ ആദ്യ സ്വാശ്രയ നിയമവിദ്യാഭ്യാസ സ്ഥാപനമാണ് 1967ൽ സ്ഥാപിതമായ ലാ അക്കാഡമി.
1929ൽ വെഞ്ഞാറമൂടിനു സമീപം മാണിക്കൽ പഞ്ചായത്തിലെ കോലിയക്കോട് നീലകണ്ഠപിള്ളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. 1955ൽ കേരള സർവകലാശാലയിൽ നിന്നു നിയമത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കേരള സർവകലാശാലയിൽ നിന്ന് നിയമത്തിൽ ആദ്യത്തെ ഡോക്ടറേറ്റും കരസ്ഥമാക്കി. ഗവ. ലാ കോളേജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ പിരിച്ചുവിട്ടു. മാണിക്കൽ പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഘടകം സ്ഥാപിക്കാൻ നേതൃത്വം നൽകിയ അദ്ദേഹം 1953ൽ സി.പി.ഐ അംഗമായി. പാർട്ടി പിളർന്നപ്പോൾ സി.പി.ഐയിൽ തുടർന്ന അദ്ദേഹം പാർട്ടിയുടെ ജില്ലാ കൗൺസിലിലും സംസ്ഥാന കൗൺസിലിലും അംഗമായിരുന്നു. 1966 ലാണ് കേരള ലാ അക്കാഡമി പബ്ലിക് ചാരിറ്റബിൾ സൊസൈറ്റി രൂപവത്കരിച്ചത്. 1967ൽ സൊസൈറ്റിയുടെ കീഴിൽ ലാ അക്കാഡമി ലാ കോളേജ് സ്ഥാപിച്ചു. പ്രിൻസിപ്പലും ഡയറക്ടറുമായി. കേരള സർവകലാശാലയുടെ സെനറ്റിലും സിൻഡിക്കേറ്റിലും ഏറ്റവുമധികം കാലം അംഗമായിരുന്നു എന്ന റെക്കാഡും അദ്ദേഹത്തിനുണ്ട്.
ബാർ കൗൺസിൽ എക്സിക്യൂട്ടീവ് ചെയർമാനായും ബാർ കൗൺസിൽ ഒഫ് കേരള ട്രസ്റ്റിന്റെ മാനേജിംഗര ട്രസ്റ്റിയായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാർ കൗൺസിൽ ഒഫ് കേരള ട്രസ്റ്റ് 2002ൽ നിയാൽസ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) സ്ഥാപിക്കുകയും 2005ൽ നുയാൽസ് (നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്) എന്ന നിയമ സർവകലാശാലയായി ഉയർത്തുകയും ചെയ്തു.
നിയമ പഠനത്തിന്
മികച്ച സംഭാവന
നൽകി:മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള ലാ അക്കാഡമി ലാ കോളേജ് സ്ഥാപക ഡയറക്ടർ ഡോ.എൻ.നാരായണൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമപഠന മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ദ്ധനുമാണ് നാരായണൻ നായർ. ജീവിതകാലം മുഴുവൻ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതൽ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു. അടുത്ത സുഹൃത്തായ അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.