തിരുവനന്തപുരം: ജസ്റ്റിസ് ജയിൻ കമ്മിറ്റി കാര്യങ്ങൾ വിശദീകരിക്കാൻ അവസരം തന്നില്ലെന്ന് ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന റിട്ട. ഐ.പി.എസ് ഓഫീസർ സിബി മാത്യൂസ് പറഞ്ഞു. കമ്മിറ്റി തന്നെ വിളിപ്പിച്ച് പറയാനുള്ളത് കേൾക്കാമായിരുന്നു. ഗൂഢാലോചന ഉണ്ടോ ഇല്ലയോ എന്ന് എളുപ്പം വിലയിരുത്താമായിരുന്നു. കമ്മിറ്റിയിൽ കേരളത്തിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നിട്ടും അതിന് അവസരം തരാത്തതിൽ മുൻസിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ വലിയ പ്രതിഷേധമുണ്ട്.
ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഈ കേസ് അന്വേഷിച്ചത്. അല്ലാതെ സ്വന്തം നിലയിലല്ല. മേലധികാരിയായ ഡി.ജി.പി ഉത്തരവിലൂടെ പറഞ്ഞ കാര്യങ്ങളാണ് ചെയ്തത്. അതിനെക്കുറിച്ച് ചിലത് കമ്മിറ്റിയോട് പറയാനുണ്ടായിരുന്നു. അതിനു അവസരം കിട്ടിയില്ല. തനിക്കു പറയാനുള്ളത് സി.ബി.ഐ കേൾക്കും എന്നു വിചാരിക്കുന്നതായും സിബി മാത്യൂസ് പറഞ്ഞു.