ഇടതുമുന്നണി യോഗം ഇന്ന് വൈകിട്ട്
തിരുവനന്തപുരം: രാജ്യസഭാതിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ രണ്ട് സ്ഥാനാർത്ഥികളെ ഇന്ന് രാവിലെ ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിശ്ചയിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോൺ, ഇപ്പോൾ ഒരു ടേം കാലാവധി പൂർത്തിയാക്കുന്ന കെ.കെ. രാഗേഷ് എന്നിവർക്ക് പുറമേ ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്, എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസൻ, കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ ഡോ. തോമസ് ഐസക് തുടങ്ങിയവരും സ്ഥാനാർത്ഥി സാദ്ധ്യതാപേരുകളായി പ്രചരിക്കുന്നുണ്ട്.
കെ.കെ. രാഗേഷ്, വയലാർ രവി, പി.വി. അബ്ദുൾ വഹാബ് എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധിയാണ് ഈ മാസം 21ന് അവസാനിക്കുന്നത്. 30നാണ് തിരഞ്ഞെടുപ്പ്. മൂന്ന് ഒഴിവുകളിൽ നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ടെണ്ണമാണ് ഇടതുമുന്നണിക്ക് ലഭിക്കുക. രണ്ടും സി.പി.എം ഏറ്റെടുക്കും. പ്രതിപക്ഷത്തിന് ലഭിക്കുന്ന ഒരു സീറ്റ് മുസ്ലിം ലീഗിന് വിട്ടുനൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. അബ്ദുൾ വഹാബ് തന്നെയാണ് ലീഗ് സ്ഥാനാർത്ഥി.
ഡൽഹിയിലെ കർഷക സമരത്തിന്റെ മുന്നണിയിൽ സജീവമായി നിൽക്കുന്ന രാഗേഷിന് വീണ്ടുമൊരവസരം നൽകാനുള്ള സാദ്ധ്യതയാണ് സി.പി.എമ്മിൽ കേൾക്കുന്നത്. പാർട്ടിയിൽ അത്തരം കീഴ്വഴക്കം പതിവില്ലാത്തതാണെങ്കിലും രാഗേഷിന്റെ കാര്യത്തിൽ പ്രത്യേക ഇളവ് വേണമെന്ന ചർച്ചയാണ് സജീവം. പാർലമെന്ററി പദവികളൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത ബേബി ജോണിന് മുതിർന്ന നേതാവെന്ന പരിഗണന ലഭിച്ചേക്കാനിടയുണ്ട്. ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിപ്പിന്റെ പേര് കഴിഞ്ഞ തവണയും ഉയർന്നുവന്നതാണെങ്കിലും പാർട്ടിയുടെ സജീവ പ്രാതിനിദ്ധ്യം പാർലമെന്റിലുറപ്പാക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്രകമ്മിറ്റി അംഗം എളമരം കരിമിന് നറുക്ക് വീഴുകയായിരുന്നു. ഇത്തവണയും ചെറിയാന്റെ പേര് ചർച്ചകളിലുണ്ടെങ്കിലും പാർട്ടി അംഗങ്ങളുടെ പ്രാതിനിദ്ധ്യം ശക്തമാക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശമുണ്ടെന്നാണ് സൂചന. സ്ഥാനാർത്ഥികളെ അന്തിമമായി അംഗീകരിക്കുന്നതിന് ഇന്ന് വൈകിട്ട് നാലിന് ഇടതുമുന്നണി യോഗം ചേരും.