തിരുവനന്തപുരം:നമ്പി നാരായണനെതിരെ താൻ കേസ് എടുക്കുകയോ അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ചാരക്കേസിൽ മറിയം റഷീദയെ അറസ്റ്റ് ചെയ്തപ്പോൾ സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടറായിരുന്ന എസ്.വിജയൻ പറഞ്ഞു.
തന്നെ ഒന്നാം പ്രതിയാക്കി നമ്പി നാരായണൻ നടത്തിയ പോരാട്ടവും ജയിൻ കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും സങ്കടകരമാണ്. തനിക്കു പറയാനുള്ളത് കമ്മിറ്റി കേട്ടില്ല. നമ്പി നാരായണനെതിരെ തെളിവുകളുണ്ട്. യഥാർത്ഥത്തിൽ സംഭവിച്ചത് ആർക്കുമറിയേണ്ട. ഒരാൾക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അവർക്കു പറയാനുള്ളത് കേൾക്കാനുള്ള ബാദ്ധ്യത കമ്മിറ്റിക്കുണ്ട്. തനിക്ക് പറയാനുള്ളത് കേട്ടില്ല.
എന്തുകൊണ്ടാണ് തന്നെയും സിബി മാത്യൂസിനെയും ബന്ധപ്പെട്ട മറ്റുള്ളവരെയും കേൾക്കാത്തതെന്നു മനസിലാകുന്നില്ല. ശാസ്ത്രജ്ഞൻ പറയുന്നതു മാത്രമാണ് കമ്മിറ്റി കേട്ടത്. നമ്പി നാരായണന്റെ ഗുണം മനസിലാകാൻ അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചാൽ മതി. അദ്ദേഹം എന്തു സംഭാവനയാണ് ബഹിരാകാശശാസ്‌ത്രത്തിന് നൽകിയതെന്നും മനസിലാകും. ഇത് ആടിനെ പട്ടിയാക്കലാണ്. കേസ് സി.ബി.ഐ അന്വേഷിക്കട്ടെയെന്നും എസ്.പിയായി വിരമിച്ച എസ്.വിജയൻ പറഞ്ഞു.