കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലുൾപ്പെട്ട കോട്ടറക്കോണം - മുട്ടയറ റോഡിലൂടെയുള്ള യാത്രാ ദുരിതത്തിന് പരിഹാരമില്ല. പതിനഞ്ചോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ പകുതിയോളം ടാർ ചെയ്യുകയും ബാക്കി പകുതി ടാർ ചെയ്യാതെ അവഗണിക്കുകയുമായിരുന്നു.
കുത്തിറക്കമായ ഈ റോഡിലൂടെ ഇരുചക്ര വാഹനങ്ങൾ പോലും കടന്നുപോകുക അസാദ്ധ്യമാണ്. മഴ സമയമാണെങ്കിൽ കാൽനട യാത്രയും ദുഷ്കരമാണ്. വൃദ്ധരും രോഗികളും ഇവിടെ താമസിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നതും വരുന്നതും ചുമന്നുകൊണ്ടാണ്. കാലൊന്നു പിഴച്ചാൽ വീഴുന്ന അവസ്ഥയിലുള്ള റോഡ് കോൺക്രീറ്റ് ചെയ്യുകയോ ടാറിടുകയോ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്നാവശ്യം ശക്തമാണ്.