ചിത്രങ്ങൾ അറിയപ്പെടേണ്ടത് ഏതെങ്കിലും പേരിലല്ലെന്നും അത് ജീവനും പ്രപഞ്ചവും തന്നെയാണെന്നുമാണ് ചിത്രകാരനായ എസ്. വിൻസെന്റിന്റെ ഭാഷ്യം. തിരുവനന്തപുരത്തിന് തെക്ക് കാഞ്ഞിരംകുളമെന്ന ഗ്രാമത്തിൽ പൂക്കളോടും ചെടികളോടും കുട്ടികളോടും സല്ലപിച്ച് പുതുതലമുറയ്ക്കായി വേറിട്ടൊരു പാതയൊരുക്കുകയാണ് ഈ കലാകാരൻ. മറ്റ് ചിത്രകാരന്മാരിൽ നിന്ന് വ്യത്യസ്തമായി ഭൂമിയിൽ ഏറ്റവും ക്രൂരന്മാരായ ജീവി മനുഷ്യനാണെന്ന് ലോകത്തോട് വിളിച്ച് പറയാനും അവനെ തിരിച്ചുകൊണ്ടുവരാനുള്ളതുമാണ് തന്റെ ചിത്രങ്ങളെന്ന് വിൻസെന്റ് പറയുമ്പോൾ അതൊരു പുതിയ പാഠമാണ്.
'പ്രപഞ്ചത്തിൽ എല്ലാ ജീവജാലങ്ങളും തുല്യപരിഗണന അർഹിക്കുന്നു. അവ സർവസ്വാതന്ത്ര്യത്തോടെ ജീവിച്ചു മരിക്കണം. അവിടെ മനുഷ്യൻ പ്രത്യേക പരിഗണന അർഹിക്കുന്നില്ല..." വാക്കുകളിലെന്നു മാത്രമല്ല, വിൻസെന്റിന്റെ നിറക്കൂട്ടുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യവും മറ്റൊന്നല്ല.
കുട്ടികളിലൂടെ മാത്രമേ ഈ ലോകത്തെ തിരിച്ചുപിടിക്കാനാകൂ എന്ന തിരിച്ചറിവിൽ നിന്നാണ് വീടിനോട് ചേർന്ന് കുട്ടികൾക്കായി 1990ൽ ആനന്ദകലാ കേന്ദ്രം സ്ഥാപിക്കുന്നത്. ഇതുവഴി പട്ടണങ്ങളിലും സമ്പന്നർക്കും വേണ്ടി മാത്രമായി പരിഗണിക്കപ്പെട്ടിരുന്ന കല സ്വന്തം നാട്ടിലെ പുതുതലമുറയ്ക്കായി തുറന്നു നൽകുകയായിരുന്നു. ഇവിടെ നിന്ന് കുട്ടികൾ എല്ലാ കലകളും പരിചയപ്പെടുന്നുണ്ട്. ജോലിക്ക് വേണ്ടിയല്ലാതെ വ്യക്തി എന്ന നിലയിൽ മനുഷ്യൻ വളരേണ്ടതുണ്ടെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് പതിനെട്ടാം വയസിൽ ലഭിച്ച ജോലി പോലും ഉപേക്ഷിച്ച് കലയുടെയും പ്രപഞ്ചസത്യങ്ങളുടെയും ആഴങ്ങൾക്ക് നിറം പകരാൻ വിൻസെന്റ് ഇറങ്ങിത്തിരിച്ചത്.
'നമുക്ക് ഇനി വേണ്ടത് രാഷ്ട്രീയ കേന്ദ്രങ്ങളോ മതസ്ഥാപനങ്ങളോ അല്ല, സാംസ്കാരിക കേന്ദ്രങ്ങളാണ്. മനസ് സത്യസന്ധവും തലച്ചോറ് സൂത്രശാലിയുമാണ്. ഇവിടെ നടക്കുന്ന എല്ലാ ക്രൂരതകൾക്കും പിന്നിൽ പ്രവർത്തിക്കുന്നത് തലച്ചോറാണ്...പ്രപഞ്ചത്തിന്റെ അടിസ്ഥാനം ജീവനാണ്. ഈ നിമിഷത്തെ കുറിച്ച് മാത്രമേ നമുക്ക് ചിന്തിക്കാനാകൂ... കഴിഞ്ഞതിനെക്കുറിച്ചോ വരാൻ പോകുന്നതിനെ കുറിച്ചോ ചിന്തിക്കുന്നതിൽ അർത്ഥമില്ല." എല്ലാ അവധിക്കാലത്തും ആനന്ദകലാ കേന്ദ്രത്തിൽ എത്തുന്ന കുട്ടികൾ സമൂഹത്തിൽ നന്മമരങ്ങളായി വളരുമെന്ന കാര്യത്തിൽ വിൻസെന്റിന് തർക്കമില്ല. കൊവിഡ് കാലമായതിനാൽ ഇപ്പോൾ കലാപഠനവും മുടങ്ങിയ അവസ്ഥയാണ്.
1984 - 88 കാലത്ത് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്നാണ് വിൻസെന്റ് ചിത്രകല അഭ്യസിക്കുന്നത്. ചിത്രകല, വാട്ടർപെയ്ന്റ്, ഓയിൽപെയ്ന്റ്, അക്രിലിക്, ഇങ്ക് പെയ്ന്റ്, ശില്പനിർമ്മാണം എന്നിവയിലെല്ലാം വ്യത്യസ്ത വഴികളിലൂടെ യാത്ര ചെയ്ത വിൻസെന്റ് 'യാത്രക്കാരൻ" എന്ന കവിതാ സമാഹാരവും 'പ്രിയപ്പെട്ട ആൽഫി"എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ പുതിയ നിറക്കൂട്ടുകൾ തേടിയുള്ള യാത്രയിൽ ഭാര്യ എസ്. വിമലയും വിൻസെന്റിനൊപ്പമുണ്ട്. തത്വവും തത്വജ്ഞാനവും കൂട്ടിച്ചേർത്ത് തന്റെ രചനകളിലൂടെ 'ഞാനില്ല" ചിത്രകാരന്റെ വാക്ക് കടമെടുത്താൽ 'വിൻസെന്റില്ല" , പ്രപഞ്ചത്തോട് ചേർന്നുള്ള ജീവന്റെ യാത്ര തടരുകയാണ്. ഈ യാത്രയ്ക്ക് അവസാനമില്ല.
l