sreenarayana-das

നിയമവിദ്യാഭ്യാസ രംഗത്ത് പുതിയ വഴിത്താര സൃഷ്ടിച്ച പ്രതിഭാശാലിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഡോ. എൻ. നാരായണൻ നായർ. വ്യാപരിച്ച എല്ലാ മേഖലകളിലും പ്രമുഖ നിലയിൽ പ്രവർത്തിച്ചു. യുക്തിപൂർവം ചിന്തിക്കുകയും ചടുലമായി പ്രവർത്തിക്കുകയും ചെയ്തു. ഒരിക്കലും തളരാത്ത പരിശ്രമശാലി. ആ മനോധൈര്യവും മനസ്സാന്നിദ്ധ്യവും അടുത്തുനിന്ന് മനസിലാക്കാൻ ഈ ലേഖകന് ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ആഴമേറിയ ആ ആത്മബന്ധം അഭിമാനത്തോടെ ഒാർക്കുകയാണ്.

ലാ അക്കാഡമിയെ പ്രാണനെപ്പോലെ സ്നേഹിച്ചു, അദ്ദേഹം. നിധിപോലെ ആ സ്ഥാപനത്തെ കാത്തുസൂക്ഷിച്ചു. തലവരിയോ ഉയർന്ന ഫീസോ ഇല്ലാതെ സാധാരണക്കാർക്കും നിയമപഠനം സാദ്ധ്യമാക്കിയെന്നതാണ് ലാ അക്കാഡമിയുടെ സവിശേഷമായ പ്രാധാന്യവും പ്രസക്തിയും. ഉയർന്ന മാർക്ക് വാങ്ങുന്നവർ മാത്രമല്ല, ശരാശരിക്കാരിലും പ്രാഗല്ഭ്യമുള്ളവരുണ്ടെന്ന കാഴ്ചപ്പാടാണ് നാരായണൻ സാറിനുണ്ടായിരുന്നത്. ശരാശരി മാർക്കിൽ വിജയിച്ചിട്ടുള്ള എത്രയോ പേരാണ് ലാ അക്കാഡമിയുള്ളതുകൊണ്ടു മാത്രം നിയമ ബിരുദധാരികളായി വിവിധ മേഖലകളിൽ അതിപ്രശസ്തരായി ശോഭിച്ചിട്ടുള്ളത്!

സ്വാശ്രയ മാനേജ്മെന്റുകളുടെ അഹംഭാവവും സേച്ഛാധിപത്യ പ്രവണതകളും ദുരന്തങ്ങൾ വാരിവിതറുന്ന സമകാലീന സന്ദർഭത്തിൽ ഡോ. എൻ. നാരായണൻ നായരുടെ നേതൃത്വത്തിൽ ലാ അക്കാഡമി കൈവരിച്ച നേട്ടങ്ങൾ സംശുദ്ധിയുടെ വേറിട്ട മാതൃകയായി എക്കാലവും ഒാർമ്മിക്കപ്പെടും. കർമ്മനിരതനായ ഒരു വ്യക്തിക്ക് അസാദ്ധ്യമായി ഒന്നുമില്ലെന്ന് ജീവിതംകൊണ്ട് തെളിയിച്ചു, അദ്ദേഹം . ആ മഹാസ്മരണയ്ക്കു മുന്നിൽ സ്നേഹപുഷ്പങ്ങൾ അർപ്പിക്കുന്നു.