പോത്തൻകോട്: വട്ടപ്പാറയിൽ യുവാവിനെ വാഴത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അസ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പന്തലക്കോട് കരിപ്പമുകൾ വീട്ടിൽ സജിയുടെ (43) മരണം കൊലപാതകമായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. വട്ടപ്പാറ കുറ്റിയാണിക്ക് സമീപം ഫെബ്രുവരി 17നാണ് സംഭവം. അന്ന് മുങ്ങിമരണമെന്ന് കരുതി വട്ടപ്പാറ പൊലീസ് കേസ് തുടരന്വേഷണം നടത്താതെ അവസാനിപ്പിച്ചിരുന്നു. എന്നാൽ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സജിയുടെ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലും തലയിലും മറ്റ് ആന്തരിക അവയവങ്ങൾക്കുമുള്ള ഗുരുതര പരിക്കുകളാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവറായിരുന്ന സജി കുറച്ചുമാസം മുമ്പ് വാങ്ങിയ വസ്തുവിലായിരുന്നു വാഴത്തോട്ടം. കൃഷിക്കായി കുഴിച്ച കുളമായിരുന്നു ഇവിടെയുണ്ടായിരുന്നത്. സംഭവദിവസം വൈകിട്ട് വീട്ടിൽ നിന്ന് വാഴയ്ക്ക് വെള്ളമൊഴിക്കാനിറങ്ങിയ സജി രാത്രി ഏറെ വൈകിയിട്ടും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെറ്റിയിൽ മുറിവും ചെവിയിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന നിലയിലുമായിരുന്നു മൃതദേഹം. എന്നാൽ പൊലീസ് ഇത് കാര്യമായി എടുത്തിരുന്നില്ല. മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. മരണം കൊലപാതകമാണെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.