കേസിന്റെ നാൾവഴി
തിരുവനന്തപുരം :അപ്രതീക്ഷിത വഴിത്തിരിവുകൾ നിറഞ്ഞ ഐ.എസ്.ആർ.ഒ ചാരക്കേസിൽ നേരറിയാൻ സി.ബി.ഐക്ക് സഞ്ചരിക്കേണ്ടത് 26 വർഷം പിന്നിലേക്ക്. വിദേശ ചാരസംഘടനകൾ നിയോഗിച്ച മറിയം റഷീദയ്‌ക്കും ഫൗസിയ ഹസനും വഴിപ്പെട്ട് ശാസ്‌ത്രജ്ഞർ രാജ്യത്തിന്റെ ശാസ്ത്രരഹസ്യം ചോർത്തി എന്നായിരുന്നു കേസ്.
വഞ്ചിയൂർ പൊലീസിന്റെ കേസിൽ ഐ.എസ്.ആർ.ഒ എൽ.പി.എസ്.സി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന നമ്പിനാരായണനെ കൂടാതെ ശാസ്ത്രജ്ഞൻ ഡി. ശശികുമാരനും അറസ്റ്റിലായി. 52 ദിവസം കഴിഞ്ഞാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. നമ്പിനാരായണനെ ഒരുരാത്രി കൊണ്ട് തള്ളി പറഞ്ഞ ജനത വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന് മുന്നിൽ കൈകൂപ്പുന്നതിനും കാലം സാക്ഷിയായി. ചാരക്കേസിൽ ഇനി എന്ത്?
കേസിന്റെ നാൾവഴികളിലൂടെ
1994 ഒക്ടോബർ 20 : വിസ കാലാവധി നീട്ടാൻ ശ്രമിക്കുന്നതിനിടെ ചാരപ്രവർത്തനം സംശയിച്ച് മാലദ്വീപ് വനിത മറിയം റഷീദ തിരുവനന്തപുരത്ത് അറസ്റ്റിലായി
94 ഒക്ടോബർ 30 : നമ്പി നാരായണൻ അറസ്റ്റിൽ.
94 നവംബർ 13: ഫൗസിയ ഹസൻ ബംഗളൂരുവിൽ അറസ്റ്റിൽ.
94 നവംബർ 15: കേസ് സിബി മാത്യൂസിന്റെ സംഘത്തിന്
94 ഡിസംബർ 2: കേസ് സി.ബി.ഐക്ക്
94 ഡിസംബർ 19: കേസിൽ തെളിവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
95 ജനുവരി 13: പൊലീസ്, ഐ. ബി രേഖകൾ പരിശോധിച്ച ഹൈക്കോടതി രമൺ ശ്രീവാസ്തവയ്‌ക്ക് കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തി
95 മാർച്ച് 16 : തിരുവനന്തപുരം ഗാന്ധിപാർക്കിലെ പൊതുയോഗത്തിൽ ചാരക്കേസിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കെ. കരുണാകരൻ രാജി പ്രഖ്യാപിക്കുന്നു.
95 ഏപ്രിൽ 6: സി.ബി.ഐ അന്വേഷണം ശരിയായില്ലെന്ന് ഹൈക്കോടതി നിഗമനം. അപക്വമാണെന്ന് സുപ്രീംകോടതി.
96 മേയ് 1: കേസിന് അടിസ്ഥാനമില്ലെന്നും ആറു പ്രതികളെയും വിട്ടയയ്ക്കണമെന്നും സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
96 മേയ് 2: ആറു പ്രതികളെയും വിട്ടയയ്ക്കാൻ കോടതി ഉത്തരവ്.
( സി.ബി.ഐ അന്വേഷണത്തിനെതിരെ ഉദ്യോഗസ്ഥർ സർക്കാരിനെ സമീപിച്ചു. ഇ.കെ. നായനാർ സർക്കാർ പ്രത്യേക സംഘത്തെ നിയമിച്ചു. ഇതിനെതിരെ നമ്പി നാരായണൻ ഹൈക്കോടതിയിൽ.)
96 ഡിസംബർ 14: ഹൈക്കോടതി നമ്പി നാരായണന്റെ ഹർജി തള്ളി. കേരള പൊലീസ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.
(നമ്പിനാരായണൻ സുപ്രീംകോടതിയിൽ )
97 ജനുവരി 13: കേസ് പുനരാരംഭിക്കുന്നതിനെതിരെ സി.ബി.ഐ സുപ്രീം കോടതിയിൽ
98 ഏപ്രിൽ 29: കേസ് വീണ്ടും അന്വേഷിക്കാനുള്ള സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
(അകാരണമായി പീഡിപ്പിച്ചെന്ന് കാട്ടി നമ്പി നാരായണൻ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ )
2001 മാർച്ച് 15: നമ്പി നാരായണന് പത്ത് ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ കമ്മിഷൻ കേരള സർക്കാരിനോടു നിർദേശിച്ചു.
2006 ആഗസ്റ്റ് 30: മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
2012 സെപ്തംബർ 7: മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
2012 ഡിസംബർ 19: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ ഹൈക്കോടതിയിൽ.
2015 മാർച്ച് 4: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന് ഡിവിഷൻ ബെഞ്ച്.
2015 ജൂലായ് 8: നമ്പി നാരായണൻ സുപ്രീം കോടതിയിൽ.
2018 മേയ് 3: നമ്പി നാരായണനെ അന്യായമായി തടങ്കലിൽ വച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ അന്വേഷണം ഉണ്ടാകുമെന്ന് സുപ്രീം കോടതി വാക്കാൽ പറഞ്ഞു.
2018 ജൂലായ് 10: ഹർജിക്കാരന് നീതി ലഭ്യമാക്കണമെന്ന് പറഞ്ഞ സുപ്രീം കോടതി, ഹർജി വിധി പറയാൻ മാറ്റി.
2018 സെപ്തംബർ 14:അന്വേഷണം ജയിൻ സമിതിക്ക് വിട്ട് സുപ്രീംകോടതി വിധി. സർക്കാർ 50 ലക്ഷം രൂപ നമ്പി നാരായണന് നൽകാനും ഉത്തരവ്.
2018 ഒക്ടോടോബർ 10 : സർക്കാർ 50 ലക്ഷം രൂപ നമ്പി നാരായണന് നൽകി.
2020 ഡിസംബർ : സുപ്രീംകോടതി ജസ്റ്റിസ് ഡി.കെ.ജയിൻ സമിതിയെ ഔപചാരികമായി നിയോഗിച്ചു
2021 ഏപ്രിൽ 3 : ജസ്റ്റിസ് ഡി.കെ ജയിൻ സമിതി മുദ്രവച്ച കവറിൽ റിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിച്ചു. പിന്നാലെ ഇന്നലെ കോടതിവിധി