തിരുവനന്തപുരം: 1993 മുതൽ കെ.എസ്.ആർ.ടി.സി ബസ് കാരണം അപകടത്തിൽപ്പെട്ടവർക്കുള്ള മുടങ്ങിക്കിടന്ന നഷ്ടപരിഹാരം വിതരണം ചെയ്തുതുടങ്ങി. കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് 121 കേസുകളിലായി 88,80,990 രൂപ വിതരണം ചെയ്തത്. അപകടത്തിൽപ്പെടുന്നവർക്ക് കോടതികൾ വിധിക്കുന്ന നഷ്ടപരിഹാര തുക കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി കാരണം വർഷങ്ങളായി നൽകാൻ കഴിഞ്ഞിരുന്നില്ല. ആ ഇനത്തിൽ 1179 കേസുകളിലായി 62 കോടി രൂപയോളം നൽകാൻ ഉണ്ടായിരുന്നു. ഇത് കൂടിക്കൂടി വരവേ വേഗത്തിൽ കൊടുത്ത് തീർക്കുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ ഏപ്രിൽ 10ന് നാഷണൽ ലോ അദാലത്ത് ദിനത്തിന്റെ ഭാഗമായി ഹൈക്കോടതിയുടെ ലീഗൽ അതോറിട്ടിയുമായി ചേർന്ന് നടപ്പിലാക്കിയ പലിശ രഹിത സെറ്റിൽമെന്റിൽ പങ്കെടുത്ത 121 പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ നഷ്ടപരിഹാരം ലഭിക്കേണ്ടവർ പലിശ രഹിത സെറ്റിൽമെന്റിന് താത്പര്യമുണ്ടെങ്കിൽ അതത് യൂണിറ്റുകളിൽ അപേക്ഷ നൽകിയാൽ മുൻഗണനാ ക്രമമനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് സി.എം.ഡി ബിജുപ്രഭാകർ അറിയിച്ചു.