തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ആശുപത്രിയിലെത്തി ആറം ദിവസം നെഗറ്റീവായി വീട്ടിലേക്കു മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആക്ഷേപം പുതിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തി. ആറല്ല, പത്താം ദിവസമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ന്യായീകരിച്ചത് വിമർശകർക്ക് ശക്തമുള്ള ആയുധമാവുകയും ചെയ്തു. ഈ മാസം എട്ടിന് രോഗം സ്ഥിരീകരിച്ചു.14ന് മടങ്ങി.
കേന്ദ്ര മാർഗനിർദ്ദേശമനുസരിച്ച്, കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാൽ പത്ത് ദിവസം വരെ കർശനനിരീക്ഷണത്തിൽ കഴിയണം. അവസാനത്തെ മൂന്ന് ദിവസം പനി ലക്ഷണം പാടില്ല. തുടർന്നുള്ള പരിശോധനയിൽ കൊവിഡ് നെഗറ്റീവായാലും ഒരാഴ്ച കൂടി ക്വാറന്റൈൻ വേണം. മൊത്തം 17 ദിവസത്തെ നിരീക്ഷണം.
മുഖ്യമന്ത്രിയെ കൊവിഡിയറ്റ് എന്ന് അധിക്ഷേപിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തി. ആറാമത്തെ ദിവസം രോഗമുക്തനെന്ന് പ്രഖ്യാപിക്കുന്നതെങ്ങനെയെന്നാണ് ചോദ്യം. എന്നാൽ, മുഖ്യമന്ത്രിക്ക് നാല് മുതൽ ജലദോഷ ലക്ഷണമുണ്ടായെന്നും വിഷുദിനത്തിൽ പത്ത് ദിവസമായതിനാലാണ് പരിശോധന നടത്തിയതെന്നുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിശദീകരിച്ചത്. നാലിന് രോഗലക്ഷണം കണ്ടെങ്കിൽ മുഖ്യമന്ത്രി എങ്ങനെ ധർമ്മടം മണ്ഡലത്തിൽ റോഡ് ഷോയിൽ പങ്കെടുത്തു? ആറിന് എങ്ങനെ സാധാരണരീതിയിൽ നടന്നെത്തി പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി? വിമർശകരുടെ ചോദ്യങ്ങളിവയാണ്.
യൂത്ത് കോൺഗ്രസും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയതോടെയാണ് വിഷയം ചൂടുപിടിച്ചത്. മുഖ്യമന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗവർണർക്ക് കത്തും നൽകി.
കൂടുതൽ പേർക്ക് വൈറസ് പടർത്തുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനമെന്ന വി. മുരളീധരന്റെ ആരോപണം ആരോഗ്യമന്ത്രി കെ.കെ.ശൈലജ തള്ളി. മുഖ്യമന്ത്രിയുടെ മകൾക്ക് ആറാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ലക്ഷണസാദ്ധ്യത കണക്കിലെടുത്താണ് മുഖ്യമന്ത്രിയും പരിശോധിച്ച് രോഗം സ്ഥിരീകരിച്ചതെന്നുമാണ് മന്ത്രി പറഞ്ഞത്. ശൈലജയുടെ ന്യായീകരണത്തിലും യുക്തിഭദ്രതയില്ലെന്ന് വിമർശകർ പറയുന്നു. മുഖ്യമന്ത്രിയോ സി.പി.എം നേതൃത്വമോ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് പ്രതിപക്ഷ സമരങ്ങൾക്കിടെ ഇടുക്കിയിലെ കോൺഗ്രസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ, അദ്ദേഹത്തെ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ചിരുന്നു. സി.പി.എം കേന്ദ്രങ്ങൾ കോൺഗ്രസ് നേതാക്കളെ മരണത്തിന്റെ വ്യാപാരികളെന്ന് ആക്ഷേപിച്ചു. ഇന്നിപ്പോൾ അതേ പ്രയോഗം യൂത്ത് കോൺഗ്രസുകാർ തിരിച്ച് പ്രയോഗിക്കുന്നു.
ന്യായീകരണ പഴുതുകൾ
മുഖ്യമന്ത്രിയുടെ മകൾക്ക് ആറിന് ഉച്ചയ്ക്കാണ് സ്ഥിരീകരിച്ചത്
മുഖ്യമന്ത്രിയും ഭാര്യയും വോട്ട് ചെയ്തത് അതിന് മുമ്പ്
മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത് എട്ടിന്
വീട്ടിലേക്ക് മടങ്ങിയ മുഖ്യമന്ത്രി ക്വാറന്റൈനിൽ
ഡിസ്ചാർജ് നയം
1. ലക്ഷണമില്ലാത്തവ, നേരിയ രോഗബാധ: അവസാന 3 ദിവസം പനിയില്ലെങ്കിൽ 10 ദിവസം കഴിഞ്ഞ് ഡിസ്ചാർജ്. തുടർന്ന് 7 ദിവസം വീട്ടിൽ നിരീക്ഷണം
2. ഇടത്തരം ലക്ഷണങ്ങൾ: തുടർച്ചയായി 3 ദിവസം ശ്വാസോച്ഛ്വാസം ശരിയായ രീതിയിലാവുകയും പനിയില്ലാതാവുകയും ചെയ്താൽ 10 ദിവസത്തിന് ശേഷം ഡിസ്ചാർജ്. ഒരാഴ്ച ക്വാറന്റൈൻ
3. കടുത്ത രോഗലക്ഷണം: ആരോഗ്യം വീണ്ടെടുത്ത ശേഷം ആർ.ടി പി.സി.ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവായാൽ മാത്രം ഡിസ്ചാർജ്. ഒരാഴ്ച ക്വാറന്റൈൻ
"കാര്യമായ രോഗലക്ഷണമില്ലാത്തവരെ എത്രയും വേഗം വിടണമെന്നാണ് കേന്ദ്ര നിർദ്ദേശം "
- കെ.കെ.ശൈലജ, ആരോഗ്യമന്ത്രി
" എങ്കിൽ ആ ഉത്തരവൊന്ന് കാണിച്ചുതരാമോ?"
- വി. മുരളീധരൻ, കേന്ദ്ര സഹമന്ത്രി
മുഖ്യമന്ത്രിക്കെതിരെ
കേസെടുക്കണം:
വി.മുരളീധരൻ
ന്യൂഡൽഹി: കൊവിഡ് രോഗികൾ സ്വീകരിക്കേണ്ട പ്രോട്ടോക്കോൾ ലംഘിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. വീട്ടിലെ കാരണവർക്ക് അടുപ്പിലുമാകാമെന്ന രീതിയാണോ മുഖ്യമന്ത്രിക്കെന്നും മന്ത്രി ചോദിച്ചു. പ്രോട്ടോക്കോൾ പ്രകാരം, കൊവിഡ് സ്ഥിരീകരിക്കുന്നതിന്റെ പത്താം ദിവസമാണ് നെഗറ്റീവായോ എന്നറിയാൻ ടെസ്റ്റ് നടത്തേണ്ടത്. പിണറായി വിജയന് എങ്ങനെയാണ് ആറാം ദിവസം ടെസ്റ്റ് നടത്തി ആശുപത്രി വിടാനാകുക. നാലാം തീയതി രോഗ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിൽ വലിയ ചതിയാണ് അദ്ദേഹം ജനങ്ങളോട് ചെയ്തത്. ധർമ്മടത്ത് ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോയിൽ പങ്കെടുത്തതും, പൊതുനിരത്തിലൂടെ പ്രകടനമായി വോട്ട് ചെയ്യാൻ വന്നതും മാദ്ധ്യമങ്ങളോട് സംസാരിച്ചതും കൊവിഡ് ലക്ഷണങ്ങളോടെയല്ലേ?..
വോട്ടെടുപ്പ് ദിനം, കൊവിഡ് രോഗിയായ മകൾ മുഖ്യമന്ത്രിയുടെ വീട്ടിലുണ്ടായിരുന്നു. പ്രാഥമിക സമ്പർക്കമുള്ളവർ സ്വീകരിക്കേണ്ട മുൻകരുതൽ അദ്ദേഹം സ്വീകരിച്ചിരുന്നോ. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് വരുമ്പോഴും രോഗമുക്തനായി മടങ്ങുമ്പോഴും സാമൂഹ്യ അകലമടക്കം പ്രോട്ടോക്കോൾ പാലിച്ചില്ല. രോഗമുക്തിക്ക് ശേഷം ഏഴ് ദിവസം കൂടി ഐസൊലേഷൻ തുടരണം. ആംബുലൻസ് ഒഴിവാക്കി സ്വന്തം വാഹനത്തിൽ സ്റ്റാഫിനൊപ്പമാണ് മുഖ്യമന്ത്രി പോയത്. രോഗം സ്ഥിരീകരിച്ച ഭാര്യയും ഒപ്പമുണ്ടായിരുന്നു. കൊവിഡ് മുൻകരുതലിനെക്കുറിച്ച് കഴിഞ്ഞ ഒരു വർഷം മാദ്ധ്യമങ്ങളിലൂടെ ക്ലാസെടുത്ത മുഖ്യമന്ത്രി സ്വന്തം കാര്യം വന്നപ്പോൾ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി.
കേന്ദ്രമന്ത്രി വി. മുരളീധരൻ വായിൽ
തോന്നിയത് പറയുന്നു: മന്ത്രി ശൈലജ
കണ്ണൂർ: മുഖ്യമന്ത്രി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒരു തരത്തിലുള്ള ചട്ടലംഘനവും ക്വാറന്റൈൻ ലംഘനവുമില്ല. മുരളീധരനെപ്പോലുള്ളവർ ഇത്രയും നിരുത്തരവാദപരമായി സംസാരിക്കരുതെന്നും മന്ത്രി പ്രതികരിച്ചു.
എട്ടിന് മുഖ്യമന്ത്രിക്ക് കൊവിഡ് പരിശോധനനടത്തുമ്പോൾ നേരിയ ജലദോഷമേ ഉണ്ടായിരുന്നുള്ളൂ. മകൾ പോസിറ്റീവായതു കൂടി കണക്കിലെടുത്താണ് ടെസ്റ്റ് നടത്തിയത്. കൂടുതൽ പരിശോധനകൾ നടത്താമെന്നു കരുതി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്വാറന്റൈനിൽ കഴിയുന്നതിനിടെ മുഖ്യമന്ത്രി വോട്ടു ചെയ്യാൻ പോയെന്നു പറയുന്നതിന് ഒരടിസ്ഥനാവുമില്ല. ആറിന് രാവിലെയാണ് മുഖ്യമന്ത്രി വോട്ടു ചെയ്തത്. അന്ന് ഉച്ചക്കാണ് മകളുടെ പരിശോധനാഫലം വരുന്നത്. അതിനുശേഷം അദ്ദേഹം ക്വാറന്റൈനിൽ തന്നെയായിരുന്നു.
ആശുപത്രിയിൽ പ്രവേശിച്ച് പത്തു ദിവസത്തിനു മുമ്പ് കൊവിഡ് പരിശോധന നടത്തിയത് ചട്ടലംഘനമാണെന്നാണ് മറ്റൊരാരോപണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെ വായിൽ തോന്നിയത് വിളിച്ചുപറയരുത്. കേന്ദ്ര ഗവൺമെന്റും ഐ.സി.എം.ആറും പറഞ്ഞിട്ടുള്ളത് ലക്ഷണങ്ങളൊന്നുമില്ലാത്ത രോഗികളെ രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ വീട്ടിലേക്കു വിടാനാണ്. കേരളം മുൻകരുതലെന്ന നിലയിൽ പത്തു ദിവസം വരെ ആശുപത്രിയിൽ കിടത്തി പരിശോധിച്ചുവിടുന്നുവെന്നേയുള്ളൂ.
ഒരു ബുദ്ധിമുട്ടുമില്ലാത്തവർ വീട്ടിൽപ്പോയി ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി. അതാണ് മുഖ്യമന്ത്രിയുടെ കാര്യത്തിലും ഉണ്ടായത്. വീട്ടിലേക്കു പോകുന്നതിനു മുമ്പ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവ്. അദ്ദേഹം വീട്ടിൽ പൂർണമായും ക്വാറന്റൈനിൽ കഴിയുകയാണ്. ഇതിലെവിടെയാണ് ചട്ടലംഘനം? ക്വാറന്റൈൻ ലംഘനം? വെറുതെ വാർത്തയുണ്ടാക്കാൻ വേണ്ടി ഓരോരുത്തർ വായിൽ തോന്നിയത് വിളിച്ചുപറയുന്നതിന് മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്നും മന്ത്രി പറഞ്ഞു.