പോത്തൻകോട്: പള്ളിപ്പുറത്ത് രാത്രിയിൽ കാർ തടഞ്ഞ് സ്വർണ വ്യാപാരിയെ ആക്രമിച്ച് 100 പവൻ തട്ടിയെടുത്ത സംഭവത്തിന് പിന്നാലെ സ്വർണവ്യാപാരി സമ്പത്തിന്റെ കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപ പൊലീസ് കണ്ടെത്തി. മുൻവശത്തെ സീറ്റിനടിയിലെ പ്ലാറ്റ്ഫോമിൽ രണ്ടു പ്രത്യേക രഹസ്യ അറകളിലാണ് 500ന്റെയും 2000ന്റെയും നോട്ടുകെട്ടുകളടങ്ങിയ പണം സൂക്ഷിച്ചിരുന്നത്. കവർച്ച നടന്നയുടൻ സമ്പത്ത് കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ചുവരുത്തി പണം കൈമാറിയ ശേഷം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിനുശേഷമാണ് ആക്രമണവിവരം മംഗലപുരം പൊലീസിനെ അറിയിച്ചത്. കാറിലുണ്ടായിരുന്ന പണത്തെപ്പറ്റിയോ ബന്ധുവിന് കൈമാറിയതിനെക്കുറിച്ചോ ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നില്ല. കവർച്ചയെക്കുറിച്ച് പൊലീസിനെ അറിയിക്കാൻ വൈകിയതിലുള്ള സംശയമാണ് വ്യാപാരിയിലേക്ക് അന്വേഷണം നീളാൻ കാരണം. സമ്പത്തിന്റെയും കൂടെയുള്ളവരുടെയും മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന സമയത്ത് കരുനാഗപ്പള്ളിയിലുള്ള ജുവലറിക്കാരനെയും ബന്ധുവിനെയും ഫോണിൽ ബന്ധപ്പെട്ടെന്നും പണം മറ്റൊരു വാഹനത്തിൽ കടത്തിയെന്നും പൊലീസ് കണ്ടെത്തിയത്. തുടർന്ന് സമ്പത്തിനെ ചോദ്യ ചെയ്‌തപ്പോൾ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. 75 ലക്ഷം തിരികെയെത്തിച്ച് മംഗലപുരം പൊലീസിന് കൈമാറി. സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.