d

തിരുവനന്തപുരം: തമ്പാനൂരിലെ ഡ്രെയിനേജ് ബ്ലോക്കുമായി ബന്ധപ്പെട്ട് ഉയർന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മേയർ ആര്യാ രാജേന്ദ്രൻ. തൈക്കാട് നിന്ന് ന്യൂ തിയേറ്ററിന് സമീപത്തുകൂടി പ്രധാന ഡ്രെയിനേജ് ലൈനിലേക്കും പൊന്നറ പാർക്കിന് അടിയിലുള്ള സംഭരണിയിലേക്കുമെത്തുന്ന ഓട കാലോചിതമായി നവീകരിക്കാത്തതും ഇതേ വഴിയിലൂടെ കടന്നുപോകുന്ന സ്വിവറേജ് ലൈനിലെ തകരാറുകളുമാണ് തിയേറ്ററിനു മുന്നിൽ മലിനജലം കെട്ടിക്കിടക്കാൻ കാരണമെന്ന് മേയർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സാമൂഹ്യ പ്രവർത്തകനായ ജീമോൻ കല്ലുപുരയ്ക്കൽ നടത്തിയ ഒറ്റയാൾ ധർണയ്‌ക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ വൻ വിമർശനം ഉയർന്നതോടെയാണ് മേയർ മറുപടിയുമായി എത്തിയത്. പൊന്നറ പാർക്കിന് അടിയിലുള്ള സംഭരണിയിലെ മണ്ണ് നീക്കം ചെയ്യാത്തതും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ട്. ഈ സംഭരണി കേരള റോഡ് ഫണ്ട് ബോർഡിന്റെ അധീനതയിലാണ്. ഓട പി.ഡബ്ല്യു.ഡിയുടെയും സ്വിവറേജ് ലൈൻ വാട്ടർ അതോറിട്ടിയുടെയും ഉടമസ്ഥതയിലാണ്.

എം.എൽ.എയ്‌ക്കും വിമർശനം

വാട്ടർ അതോറിട്ടി, പി.ഡബ്ല്യു.ഡി, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവരുമായി ഇടപെട്ട് സമയബന്ധിതമായി പ്രശ്‌നം പരിഹരിക്കേണ്ടത് സ്ഥലം എം.എൽ.എയുടെ ചുമതലയാണ്. എന്നാൽ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ നഗരസഭ ഓടയിലെ മണ്ണുനീക്കി താത്കാലിക പരിഹാരത്തിന് ശ്രമിച്ചിട്ടുണ്ടെന്ന് മേയർ വിമർശിച്ചു. ഓട നവീകരണത്തിനുള്ള ടെൻഡർ നടപടികളായിട്ടുണ്ടെന്നും നവീകരണം സമയ ബന്ധിതമായി പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മേയർ പറഞ്ഞു. ഇതോടൊപ്പം വാട്ടർ അതോറിട്ടിയുമായി ബന്ധപ്പെട്ട് സ്വിവറേജ് ലൈനിലെ മണ്ണ് പൂർണമായി നീക്കം ചെയ്യുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. പൊന്നറ പാർക്കിലെ സംഭരണിയിലെ മണ്ണ് കേരള റോഡ് ഫണ്ട് ബോർഡിനെക്കൊണ്ട് നീക്കം ചെയ്യിക്കുമെന്നും മേയർ ആര്യാ രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.