പാലോട്: കൊവിഡ് കാരണം ഉത്സവങ്ങൾ നഷ്ടപ്പെട്ടതോടെ ദുരിതത്തിലായ പടക്കനിർമ്മാണശാല വിഷുവിപണിയിലാണ് അല്പം ഉണർന്നത്. നഷ്ടത്തിൽ നിന്ന് കരകയറുന്നതിനിടെയാണ് സ്റ്റൈലസിന്റെ പടക്കനിർമ്മാണശാലയിൽ അപ്രതീക്ഷിത ദുരന്തമുണ്ടായത്. അഞ്ചുവർഷം മുമ്പ് ആരംഭിച്ച പത്തായക്കയത്തിൽ ഫയർവർക്‌സിൽ 10 ജീവനക്കാരാണ് ഉണ്ടായിരുന്നത്. വീട്ടിലായിരുന്ന സ്റ്റൈലസ് സംഭവത്തിനു തൊട്ടുമുമ്പാണ് സ്ഥലത്തെത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ കഴിഞ്ഞദിവസം രാത്രി 10ഓടെയാണ് മരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചെങ്കിലും അപ്രതീക്ഷിതമായെത്തിയ ഇടിമിന്നലാണ് ചൂടലിൽ സ്റ്റൈലസ്,​ തൊഴിലാളി സുശീല എന്നിവരുടെ ജീവനെടുത്തത്. ലോക്ക് ഡൗൺ സമയത്ത് എല്ലാ വിഭാഗങ്ങൾക്കും സർക്കാർ സഹായം ലഭിച്ചെങ്കിലും പടക്ക മേഖലയിൽ ഒരു സഹായവും ലഭിച്ചില്ലെന്ന പരാതി വ്യാപകമാണ്. തൊഴിലാളികൾക്കോ ലൈസൻസികൾക്കോ നിലവിൽ ക്ഷേമനിധിയോ, ഇൻഷ്വറൻസ് പരിരക്ഷയോ ഇല്ല. അപകട വിവരമറിഞ്ഞ് ഡി.കെ. മുരളി എം.എൽ.എ ആശുപത്രിയിലും വീട്ടിലുമെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആനാട് ജയൻ, പഞ്ചായത്ത് മെമ്പർമാരായ നന്ദിയോട് രാജേഷ്, പേരയം സിഗ്നി, രാജ് കുമാർ, ദീപാ മുരളി, ലൈലാ ജ്ഞാനദാസ് ,അംബിക അമ്മ, പുഷ്‌കല, നന്ദിയോട് ഷാബി, സജീഷ് തുടങ്ങിയവർ മരിച്ചവരുടെ വീട്ടിലെത്തിയിരുന്നു. സർക്കാർ സഹായം ലഭ്യമാക്കണമെന്ന് കേരള ഫയർ വർക്‌സ് ഡീലേഴ്സ് ആൻ‌ഡ് ലേബേഴ്സ് യൂണിയൻ ഭാരവാഹികളായ കുമാരൻ, രാമചന്ദ്രൻ ആശാൻ, സുശീലൻ ആശാൻ, സുനിലാൽ എന്നിവർ ആവശ്യപ്പെട്ടു.