തിരുവനന്തപുരം: നഗരത്തിലെ വാക്‌സിൻ ക്ഷാമവും തുമ്പൂർമുഴിയിലെ ജീവനക്കാരുടെ നിയമനവും ശമ്പളത്തെയും ചൊല്ലി ഇന്നലെ ചേർന്ന നഗരസഭാ കൗൺസിലിൽ ഭരണ - പ്രതിപക്ഷ തർക്കം. നഗരസഭയുടെ നേതൃത്വത്തിലുള്ള ക്യാമ്പുകളിൽ മാത്രമാണ് കൊവിഡ് വാക്‌സിൻ ക്ഷാമമെന്ന് ബി.ജെ.പി നേതാവും പി.ടി.പി നഗർ വാർഡ് കൗൺസിലറുമായ വി.ജി. ഗിരികുമാർ ആരോപിച്ചു. ശ്രീകണ്ഠേശ്വരം കൗൺസിലർ പി. രാജേന്ദ്രൻ നായരും സമാന പ്രശ്‌നം ഉന്നയിച്ച് രംഗത്തെത്തി. നഗരസഭയുടെ അറിയിപ്പ് ലഭിച്ചതിനെതുടർന്ന് പല കൗൺസിലർമാരും വാക്‌സിനേഷൻ ക്യാമ്പുകൾ സജ്ജമാക്കിയെങ്കിലും ആരോഗ്യവിഭാഗം തുടർ നടപടി സ്വീകരിച്ചില്ലെന്നും ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. എന്നാൽ ഇന്നുതന്നെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വാക്‌സിൻ പരമാവധി വാർഡുകളിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പറഞ്ഞ് മേയർ‌ തർക്കം അവസാനിപ്പിച്ചു.

നഗരസഭ നടപ്പിലാക്കുന്ന ഉറവിട മാലിന്യസംസ്കരണ പദ്ധതികളായ തുമ്പൂർമുഴി എയറോബിക്ക് ബിന്നുകളുടെ പരിപാലത്തിനും മഴക്കാല പൂർവ ശുചീകരണത്തിനുമായി നിയമിച്ച തൊഴിലാളികളുടെ ശമ്പളത്തെപ്പറ്റിയുള്ള ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജമീലാശ്രീധരന്റെ അജൻഡയെ ചൊല്ലിയുള്ളതായിരുന്ന അടുത്ത തർക്കം. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തുമ്പൂർമുഴിലെ പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ നിയോഗിക്കുന്നതെന്ന് തിരുമല വാർഡ് കൗൺസിലർ കെ. അനിൽകുമാർ ആരോപിച്ചു. തുടക്കത്തിൽ 238 ജീവനക്കാരുണ്ടായിരുന്ന തൂമ്പൂർമുഴിയിൽ ജീവനക്കാർ എങ്ങനെ 396 ആയി എന്നായി ചോദ്യം. ബി.ജെ.പിയുടെ മറ്റ് കൗൺസിലർമാരും ചോദ്യം ഉന്നയിച്ചു. ജീവനക്കാരുെടെ മൂന്ന് മാസത്തെ ശമ്പളത്തുക അനുവദിക്കുന്നത് അർഹമായിട്ടാണോ എന്നും ഇവർ ചോദിച്ചു. ജീവനക്കാരുടെ വിവരങ്ങൾ അടുത്ത കൗൺസിലിൽ സമർപ്പിക്കണമെന്ന് ബി.ജെ.പി കൗൺസിലർമാരുടെ ആവശ്യം ശക്തമായതോടെ ചെയർപേഴ്സണും മേയറും ഇടപെട്ട് തർക്കം അവസാനിപ്പിച്ചശേഷം ബില്ല് പാസാക്കി. നഗരസഭയുടെ സെപ്റ്റേജ് മാലിന്യശേഖരണത്തിൽ ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഭരണകക്ഷിലെ കൗൺസിലറായ ആർ. ഉണ്ണിക്കൃഷ്ണനും രംഗത്തെത്തി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം സെപ്‌റ്റേജ് മാലിന്യങ്ങൾ പലയിടത്തും കെട്ടികിടക്കുന്ന അവസ്ഥയുണ്ടെന്നും ആറ്റുകാൽ കൗൺസിലർ ആഞ്ഞടിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് മേയർ ഉറപ്പുനൽകി. പല സ്റ്റാൻഡിംഗ് കമ്മിറ്റികൾ പാസാക്കിയ ബില്ലുകളുടെ കാര്യത്തിലും ആശയകുഴപ്പത്തിനിടയാക്കി. മേയർ ഇടപെട്ട് മാറിയ ബില്ലുകൾ പാസാക്കുന്നത് അടുത്ത കൗൺസിലിലേക്ക് മാറ്റി.