d

തിരുവനന്തപുരം:കഴിഞ്ഞ രണ്ടുദിവസത്തിനിടെ കൊവിഡ് കേസുകളിൽ വൻ കുതിപ്പാണ് ജില്ലയിലുണ്ടായത്. 1466 പേർക്കാണ് രണ്ടുദിവസത്തിനിടെ കൊവിഡ് പിടിപ്പെട്ടത്.വിഷുവിന് 666 പേർക്കായിരുന്നെങ്കിൽ ഇന്നലെ അത് 800ലേക്ക് കുതിച്ചു. ഇതോടെ കണ്ടെയിൻമെന്റ് സോണുകളുടെ എണ്ണവും കുതിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലെ 11 വാർഡുകൾ രണ്ടുദിവസത്തിനിടെ കണ്ടെയിൻമെന്റ് സോൺ പരിധിയിൽ ഉൾപ്പെട്ടതും കൊവിഡ് രണ്ടാം വരവിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു.പഞ്ചായത്ത് പരിധിയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. 5,280 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.21,663 പേർ ക്വാറന്റൈനിലുമാണ്.തിരഞ്ഞെടുപ്പിന് പിന്നാലെ നിയന്ത്രണങ്ങൾ പാളിയതും പരിശോധനകൾ കുറഞ്ഞതും കൊവിഡ് വ്യാപനത്തിന് കാരണമായി. ആരോഗ്യ പ്രവർത്തകരിലേക്ക് രോഗവ്യാപനമുണ്ടാകുന്നതും ആശങ്ക ഉയർത്തുന്നു.കോർപ്പറേഷനു കീഴിലെ വട്ടിയൂർക്കാവ്,ചെട്ടിവിളാകം,കിണവൂർ, കുടപ്പനക്കുന്ന്, കാലടി, കുര്യാത്തി, ശാസ്തമംഗലം, പട്ടം, കവടിയാർ, കരിക്കകം (വായനശാല ജംഗ്ഷൻ മുതൽ തരവിളാകം വരെയും കരിക്കകം ഹൈ സ്‌കൂൾ മുതൽ പുന്നയ്ക്കാ തോപ്പ് വരെയും കരിക്കകം ഹൈസ്‌കൂൾ മുതൽ മതിൽ മുക്ക് വരെയും), കടകംപള്ളി (വലിയ ഉദേശ്വരം ക്ഷേത്രം മുതൽ ചാത്തൻപാറ മെയിൻ റോഡ് വരെയും വി.യു.ആർ.വി.എ മെയിൻ റോഡ് മുതൽ മുകക്കാട് ലെയിൻ വരെയും), വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ പനകോട്, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂർ, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ, മണക്കോട്, പാങ്ങോട്, പുലിക്കര, ലെനിൻകുന്ന്, കൊച്ചല്ലുമൂട്, ഉളിയൻകോട്, പഴവിള എന്നീ പ്രദേശങ്ങളാണ് രണ്ടുദിവസത്തിനിടെ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ടത്.

മറന്നുപോയ ബ്രേക്ക് ദ ചെയിൻ

സ‌ർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ കാമ്പെയിൻ നിർജീവമായതും ഇതിന് തുടർച്ചയായി ഉണ്ടായിരുന്ന പൊലീസ് പരിശോധനകൾ നടക്കാത്തതും കൊവിഡിന്റെ രണ്ടാംവരവിന് വഴിവെട്ടി. തിരഞ്ഞെടുപ്പ് റാലികളും പ്രചാരണവും കൂട്ടായ്മകളും ആക്കംകൂട്ടി.എ.ടി.എം അടക്കമുള്ളയിടങ്ങളിൽ അവശേഷിക്കുന്ന ഒഴിഞ്ഞ സാനിറ്റൈസർ കുപ്പികൾ ഇന്ധനമായി. വീണ് കിട്ടിയ ഇളവുകൾ ദുരുപയോഗം ചെയ്‌തതും അലസമായ മാസ്ക് ധരിക്കലും കൂട്ടംചേരലുകളും വ്യാപന കാരണങ്ങളിലൊന്നായി.

കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുമെന്ന്

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മേൽനോട്ട ചുമതല തിരുവനന്തപുരം, നെടുമങ്ങാട് സബ് കളക്ടർമാർക്കു നൽകിയെന്ന് കളക്ടർ അറിയിച്ചു.തദ്ദേശ സ്ഥാപനതലത്തിൽ സജ്ജീകരിക്കുന്ന ഡി.സി.സികൾ (ഡോമിസെൽ കെയർ സെന്ററുകൾ), സി.എഫ്.എൽ.ടി.സികൾ, സി.എസ്.എൽ.ടി.സികൾ, കൊവിഡ് ആശുപത്രികൾ എന്നിവയുടെ മേൽനോട്ടച്ചുമതല വികസന കമ്മിഷണർക്കായിരിക്കും.കൊവിഡ് പരിശോധന,സമ്പർക്ക പട്ടിക തയ്യാറാക്കൽ,ക്വാറന്റൈൻ,പേഷ്യന്റ് മാനേജ്‌മെന്റ്,വാക്സിനേഷൻ തുടങ്ങിയവ ജില്ലാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ ഊർജ്ജിതമാക്കും. ആരോഗ്യം,തദ്ദേശ സ്വയംഭരണം,പൊലീസ് വകുപ്പുകളുമായുള്ള ഏകോപനവും മറ്റു നടപടികളും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ നിർവഹിക്കും.