ഇതുവരെ കുത്തിവയ്പ് 50 ലക്ഷം പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ ഒന്നരക്കോടി കടന്നാൽ അടുത്ത അദ്ധ്യയനവർഷത്തിൽ സ്കൂൾ തുറക്കുന്നത് ആലോചിക്കാവുന്നതാണെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ അൻപത് ലക്ഷം പേർക്കാണ് കുത്തിവയ്പ്പെടുത്തത്.
പൊതുസ്ഥലങ്ങളിൽ 150 പേരിൽ കൂടുതൽ പങ്കെടുക്കുന്ന പരിപാടികൾക്കുള്ള നിയന്ത്രണം തൃശൂർ പൂരത്തിന് ബാധകമല്ല. പൂര മൈതാനത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് 16,000 പേർക്കു വരെ പങ്കെടുക്കാം. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും വാക്സിനെടുത്തവർക്കും പങ്കെടുക്കാം. വൻ ജനകൂട്ടമുണ്ടാകില്ലെന്നാണ് സംഘാടകരുടെ ഉറപ്പ്.
7,27,300 പേർക്കുള്ള വാക്സിനാണ് സ്റ്റോക്കുള്ളത്. ഒരു കോടി വാക്സിൻ ഉടൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 45 വയസിന് മുകളിൽ പ്രായമുള്ള 1.15കോടി വ്യക്തികളാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് വ്യാപനത്തിന്റെ കൃത്യമായ തോത് കണ്ടെത്തി നിയന്ത്രിക്കാനായാൽ രണ്ടാഴ്ചക്കുള്ളിൽ നിയന്ത്രണ വിധായമാകുമെന്ന് ജോയി പറഞ്ഞു.