 കവർന്നത് ആറുപവൻ  ഒരു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി

കാട്ടാക്കട: കുറ്റിച്ചൽ ജംഗ്ഷനിലെ ജുവലറിയിൽ ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി ആറുപവൻ കവർന്ന പ്രതികളെ പൊലീസ് പിടികൂടി. മലയിൻകീഴ് വിഷ്‌ണുഭവനിൽ വിഷ്‌ണു (22), ഭാര്യ ആൻഷാ (24), മലയിൻകീഴ് മടത്തിങ്കര രമ്യ നിലയത്തിൽ ഹരികൃഷ്‌ണൻ (25), ഭാര്യ അനീഷ്യ (23) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽ ഒരു കൈക്കുഞ്ഞുമുണ്ടായിരുന്നു. കുറ്റിച്ചൽ ജംഗ്ഷനിലെ വൈഗാ ജുവലറിയിൽ ഇന്നലെ രാത്രി 7.30ഓടെയാണ് സംഭവം. ഇവർ ഇന്നലെ വൈകിട്ടോടെയാണ് ജുവലറിയിലെത്തിയത്. ആഭരണങ്ങളെടുത്തെങ്കിലും പണം തികയില്ലെന്ന് പറഞ്ഞ് സംഘം തിരികെപ്പോയി. വീണ്ടുമെത്തിയ സംഘം ജുവലറിക്ക് സമീപം നിലയുറപ്പിച്ചു. കടയിൽ ഉടമ സന്തോഷ് മാത്രമായതോടെ രണ്ടുപേർ കൈക്കുഞ്ഞുമായി അകത്തുകയറി. മൂന്നുപവന്റെ രണ്ട് സ്വർണമാല വാങ്ങിയതിന് പിന്നാലെ സന്തോഷിന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞശേഷം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. കടയുടമ ബഹളം വച്ച് പുറത്തിറങ്ങിയതോടെയാണ് സംഭവം പ്രദേശവാസികൾ അറിയുന്നത്. ഉടൻ തന്നെ മോഷണസംഘം വന്ന കാറിനെക്കുറിച്ചുള്ള വിവരം പൊലീസിൽ അറിയിച്ചു. കുറ്റിച്ചലിലെത്തിയ കാട്ടാക്കട പൊലീസ് ഇവർ സഞ്ചരിച്ച വാഹനത്തെക്കുറിച്ചുള്ള വിവരം മറ്റ് സ്റ്റേഷനുകളിലേക്കും കൈമാറി. മലയിൻകീഴിന് സമീപത്തെ സി.സി ടിവി ദൃശ്യം പരിശോധിച്ചശേഷം ബ്ലോക്ക് ഓഫീസിന് സമീപത്ത് നിന്നും മലയിൻകീഴ് പൊലീസാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. നെയ്യാർഡാം പൊലീസിന് പ്രതികളെ കൈമാറി. മലയിൻകീഴ് സ്വദേശികളായ ഇവർ ബാലരാമപുരം പനയറകുന്ന് ഭാഗത്ത് വാടകയ്‌ക്ക് താമസിച്ചാണ് മോഷണം നടത്തിയിരുന്നത്. ബാലരാമപുരത്തെ ഒരു ജുവലറിയിലും ഇവർ സമാനമായ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി ഷാജി അറിയിച്ചു.