തൃശൂർ: ഒളരിയിൽ മദ്യലഹരിയിൽ തർക്കത്തിനിടെ യുവാവിന്റെ കുത്തേറ്റ് മദ്ധ്യവയസ്‌കൻ മരിച്ചു. ചേറ്റുപുഴ ലക്ഷംവീട് കോളനിയിൽ തന്മാത്ത് വീട്ടിൽ തങ്ക മകൻ രാജു (50) ആണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പള്ളത്ത് വീട്ടിൽ ഷിബിനെ(26) തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോളനിയിൽ വിഷുദിവസം മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടക്കുമ്പോൾ ആക്രമിക്കുകയായിരുന്നു.
സ്ഥിരമായി ബഹളക്കാരനായ ഷിബിൻ പൊലീസിന്റെ കേഡി ലിസ്റ്റിൽപെട്ട ആളാണ്. രാജുവിനെ കത്തികൊണ്ട് വയറ്റിലും മറ്റും കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കുപറ്റിയ രാജുവിനെ ആക്ട്‌സ് പ്രവർത്തകരാണ് ജനറൽ ആശുപത്രിയിലും പിന്നീട് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. എന്നാൽ രക്ഷിക്കാനായില്ല. ഷിബിനും രാജുവും ബന്ധുക്കളും അയൽവാസികളുമാണ്. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആക്രമണകാരണമെന്നാണ് സൂചന. ഇരുവരും തമ്മിൽ ഇടയ്ക്കിടെ കൂട്ടുകൂടി മദ്യപിച്ചിരുന്നു.