avalokanam

വടകര: അഴിയൂരിൽ കൊവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നു. പഞ്ചായത്തിലേക്ക് നിയോഗിച്ച രണ്ട് സെക്ടറൽ മജിസ്‌ട്രേറ്റുമാർ പങ്കെടുത്തു. പഞ്ചായത്തിനകത്ത് നടത്തുന്ന എല്ലാ പരിപാടികളും കൊവിഡ് 19 ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യാതെ പരിപാടികൾ ആളുകളെ വിളിച്ചു നടത്തിയാൽ പിഴ ചുമത്തും. രണ്ട് സെക്ടറൽ മജിസ്‌ട്രേറ്റ്മാരുടെ നേതൃത്വത്തിൽ ഫീൽഡ് തല പരിശോധന ഊർജിതപ്പെടുത്തി. നിലവിൽ 41 പോസിറ്റീവ് കേസുകളാണ് ഉള്ളത്. നാളിതുവരെ 1319 കൊവിഡ് രോഗികൾ അഴിയൂരിൽ ഉണ്ടായിരുന്നു. ഇതുവരെ 3754 പേർ വാക്‌സിൻ എടുത്തു. നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ മുഴുവനും കൊവിഡ് ടെസ്റ്റ് നടത്തണം. തിങ്കൾ വെള്ളി ദിവസങ്ങളിൽ സൗജന്യമായി ടെസ്റ്റ് ചെയ്യാൻ അഴിയൂർ ആരോഗ്യകേന്ദ്രത്തിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. വാർഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ജനപ്രതിനിധികളുടെ യോഗം ശനിയാഴ്ച ചേരും. വാർഡ് തല ആർ.ആർ.ടി യോഗം ഉടൻ വിളിച്ചു ചേർക്കും. യോഗത്തിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാർ പങ്കെടുക്കും. വിവിധ പൊതു പരിപാടികളിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിച്ച് നിർബന്ധമായും കൊവിഡ് ടെസ്റ്റ് നടത്തും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അനിഷ ആനന്ദസദനം, റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, സെക്ടറൽ മജിസ്‌ട്രേറ്റ്മാരായ എം.ആർ. വിജയൻ, കെ.പി. സുഷമ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച്ച ഇലക്ഷനിൽ പ്രവർത്തിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് സൗജന്യമായി ആർ.ടി.പി.സി.ആർ ടെസ്റ്റ് അഴിയൂർ എഫ്. എച്ച്. സിയിൽ വച്ച് നടത്തും.