orilathanalil

കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതന്റെ കഥ പറയുന്ന 'ഒരിലത്തണലിൽ' 23ന് ഫസ്റ്റ്‌ഷോസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസാകുന്നു. ഒരപകടത്തിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അച്യുതൻ തന്റെ കൈകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷിചെയ്യുന്നു. പ്രകൃതിയെ പഠിക്കാനും മനസിലാക്കാനും മെച്ചപ്പെടുത്താനും അശ്രാന്ത പരിശ്രമം നടത്തുന്ന അച്യുതൻ പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കൈപ്പത്തികൾ നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാർത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം. സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ്. ആർ നിർമ്മിക്കുന്ന ചിത്രം അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്നു. സജിത്രാജ് രചനയും സുനിൽപ്രേം.എൽ.എസ് ഛായാഗ്രഹണവും നിർവഹിക്കുന്നു. എഡിറ്റിംഗ്: വിപിൻ മണ്ണൂർ, സ്റ്റുഡിയോ: ചിത്രാഞ്ജലി, പി.ആർ.ഒ: അജയ്തുണ്ടത്തിൽ. ശ്രീധരൻ, കൈനകരി തങ്കരാജ്, ഷൈലജ. പി അമ്പു, അരുൺ, വെറോണിക്ക മെദേയ്‌റോസ്, ഡോ. ആസിഫ് ഷാ, മധുബാലൻ, സാബുപ്രൗദീൻ, പ്രവീൺകുമാർ, സജി പുത്തൂർ, അഭിലാഷ്, ബിജു, മധുമുൻഷി, സുരേഷ് മിത്ര, മനോജ്പട്ടം, ജിനി പ്രേംരാജ്, അറയ്ക്കൽ ബേബിച്ചായൻ, അമ്പിളി, ജിനി സുധാകരൻ എന്നിവരാണ് അഭിനേതാക്കൾ.