കണ്ണൂർ കൂത്തുപറമ്പിൽ ആത്മഹത്യ ചെയ്ത കനറാ ബാങ്ക് ഉദ്യോഗസ്ഥ കെ.എസ്. സ്വപ്‌നയുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കണമെന്നും യോഗ്യത നേടുന്ന മുറയ്ക്ക് അവർക്ക് ജോലി നൽകണമെന്നും ബാങ്കിന്റെ ഒരു ഓഹരി ഉടമ എം.ഡിക്ക് കത്തയച്ചു. ഇങ്ങനെ ഒരു കത്ത് ലഭിക്കുന്നതിന് മുമ്പ് തന്നെ സ്വപ്‌നയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാനുള്ള സന്നദ്ധത ബാങ്ക് പ്രകടിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ഓഹരി ഉടമ തന്നെ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വച്ച സ്ഥിതിക്ക് മാനേജ്‌മെന്റ് അനുഭാവപൂർവമായ തീരുമാനം കാലവിളംബം കൂടാതെ എടുക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. കാരണം തൊഴിലിടങ്ങളിലെ സമ്മർദ്ദത്തിന്റെ ഇര കൂടിയാണ് ജീവൻ വെടിഞ്ഞ വനിതാ മാനേജർ. ഇവരുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നേരത്തേ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ വിവിധ ബാങ്ക് ജീവനക്കാർ അനുഭവിക്കുന്ന ജോലി സമ്മർദ്ദത്തെക്കുറിച്ച് പരിശോധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി കൺവീനറോടും ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടുകളും നിർദ്ദേശങ്ങളും സംഭവത്തിന്റെ ശ്രദ്ധ കുറയുന്നതോടെ വിസ്‌മൃതിയിൽ മറഞ്ഞുപോകുന്നതാണ് പതിവ്.
ബാങ്ക് ജീവനക്കാരോട് മുകളിൽ നിന്നുള്ള സമീപനത്തിൽ മാറ്റം ഉണ്ടായില്ലെങ്കിൽ ഇനിയും ദുരന്തങ്ങൾക്ക് വഴിവയ്‌ക്കുമെന്ന് അവർ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പലർക്കും ജോലി സമ്മർദ്ദങ്ങളെ അതിജീവിക്കാനാവാതെ പോകുന്നത് വിവിധ കാരണങ്ങളാലാണ്. ബാങ്കിലെ ജീവനക്കാരുടെ കുറവാണ് ഒരു പ്രധാന കാരണം. എല്ലാവരും ഒരുപോലെ ജോലിയിൽ സമർത്ഥരും ആയിരിക്കില്ല. ഇതിന്റെയെല്ലാം സമ്മർദ്ദം മാനേജർ സഹിക്കേണ്ടിവരും. മിക്കവാറും രാത്രി വൈകിയേ വീട്ടിലെത്താനാവൂ. വീട്ടുകാര്യങ്ങളും കുട്ടികളുടെ പഠനവും മറ്റും അവതാളത്തിലാകും.
ബാങ്ക് മേഖല മാത്രമല്ല മറ്റ് പല തൊഴിലിടങ്ങളിലും ജോലി സമ്മർദ്ദം കൂടിവരികയാണ്. ഒപ്പം കൊവിഡിനെത്തുടർന്ന് രാജ്യവും ജനങ്ങളും ഒന്നുപോലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വല്ലാത്തൊരു കാലം കൂടിയാണിത്. ജീവിതത്തിന് താങ്ങാവേണ്ട ജോലിയുടെ പേരിൽ ജീവിതം അവസാനിപ്പിച്ചവരെ അവർ ജോലി ചെയ്‌തിരുന്ന സ്ഥാപനവും സമൂഹവും മറന്ന് കളയുന്നത് ശരിയല്ല. സ്വപ്‌നയുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികൾ ഉണ്ടാകാൻ വൈകരുത്.