a-vijayaraghavan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം സമദൂരം വെടിഞ്ഞ് ഭരണമാറ്റ ആഗ്രഹം തുറന്നുപറഞ്ഞ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ. വർഗീയധ്രുവീകരണവും സാമ്പത്തികപരിഷ്കാരവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുമെന്ന് എൻ.എസ്.എസിനെപ്പോലുള്ള സമുദായ സംഘടനകൾ നോക്കുന്നില്ലെന്ന് സി.പി.എം മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ വിജയരാഘവൻ കുറ്റപ്പെടുത്തി.

ആർ.എസ്.എസിന്റെ തീവ്ര ഹിന്ദുത്വ പദ്ധതിയുമായും സാമ്പത്തിക ഉദാരവൽക്കരണവുമായും സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാൻ സമുദായ സംഘടനകൾ ശ്രമിക്കുന്നത് അവർ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും താല്പര്യത്തിനെതിരായിരിക്കുമെന്ന് സുകുമാരൻ നായരെപ്പോലുള്ള നേതാക്കൾ മനസ്സിലാക്കണം.

നവോത്ഥാന സമരങ്ങളിൽ സമുദായസംഘടനകളും മന്നത്ത് പത്മനാഭനെപ്പോലുള്ള നേതാക്കളും വഹിച്ച പങ്ക് നിഷേധിക്കാനാകില്ല. ഇതേ സമുദായ സംഘടനകൾ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ വിമോചനസമരത്തിൽ പ്രതിലോമ ശക്തികളോടൊപ്പം ചേർന്നതും ചരിത്രത്തിന്റെ ഭാഗം. സമുദായത്തിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കാനാണ് പിൽക്കാലത്ത് എൻ.എസ്.എസ് പോലുള്ള സംഘടനകൾ തയ്യാറായത്. ഈ മാറ്റം നാടിനും സമുദായത്തിനും നല്ലതാണെന്നാണ് സി.പി.എം കരുതുന്നത്. സമദൂര നയം വിട്ട് ഇടതുപക്ഷവിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിനൊപ്പം ചേരാൻ എൻ.എസ്.എസിനാകില്ലെന്നാണ് കരുതുന്നത്. സ്വന്തം സമുദായത്തിലെ പാവപ്പെട്ടവരും സാധാരണക്കാരും അതംഗീകരിക്കില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ സുകുമാരൻ നായർ എടുത്ത നിലപാടിനൊപ്പം നായർ സമുദായം ഉണ്ടാകില്ലെന്ന് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്ന് പറഞ്ഞത്.

സാമൂഹ്യരംഗത്തെ അവശതകൾക്കെതിരായ സമരത്തെ സാമ്പത്തികവും രാഷ്ട്രീയവുമടക്കം എല്ലാ രംഗങ്ങളിലും നടക്കുന്ന വർഗസമരത്തിന്റെ അഭേദ്യഭാഗമായിട്ടാണ് പാർട്ടി കാണുന്നത്. മുന്നാക്ക വിഭാഗം ഉൾപ്പെടെ എല്ലാ സമുദായത്തിലുംപെട്ട പാവപ്പെട്ടവരുടെ സംവരണം പോലുള്ള ആവശ്യങ്ങൾക്ക് ഇടതുപക്ഷം പിന്തുണ നൽകുന്നത് ഈ കാഴ്ചപ്പാടോടെയാണ്.

ഏതെങ്കിലും സമുദായസംഘടനയുടെ ആവശ്യത്തിന് വഴങ്ങിയല്ല.