തിരുവനന്തപുരം: ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി വഴി വീട്ടിൽ ഇരുന്നുകൊണ്ട് ഒരു ലക്ഷം പേർ കൊവിഡ് ചികിത്സ തേടിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ വർഷം ജൂൺ 10നാണ് ഇ- സഞ്ജീവനി ആരംഭിച്ചത്.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അടുത്ത ആഴ്ച മുതൽ ഓർത്തോപീഡിക്‌സ്, ഇ.എൻ.ടി, റെസ്പിറേറ്ററി മെഡിസിൻ, പെയിൻ ആൻഡ് പാലിയേറ്റീവ് എന്നീ 4 സ്‌പെഷ്യാലിറ്റി ഒ.പികൾ ഇ-സഞ്ജീവനിയിൽ ആരംഭിക്കും. സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.
ജനറൽ മെഡിസിൻ, സർജറി, കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്, ഡെന്റൽ, സൈക്യാട്രി, ത്വക്ക് രോഗം തുടങ്ങിയ വിഭാഗങ്ങളിലെ സേവനവും ഉറപ്പാക്കി. കൊവിഡ് വ്യാപന കാലത്ത് ആശുപത്രിയിൽ നേരിട്ടു പോകാതെ എല്ലാവരും പരമാവധി ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.