തിരുവനന്തപുരം: അന്വേഷണങ്ങൾ അട്ടിമറിക്കുന്നതിന് തിരഞ്ഞെടുപ്പുകാലത്ത് സർക്കാർ നടത്തിയ പ്രഹസനമാണ് ഹൈക്കോടതി പൊളിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര - സംസ്ഥാന ഏജൻസികൾ കള്ളനും പൊലീസും കളിക്കുകയായിരുന്നു. സി.പി.എം - ബി.ജെ.പി ഒത്തുതീർപ്പിന്റെ ഭാഗമായി ജനങ്ങളെ പറ്റിക്കുന്നതിനായിരുന്നു കള്ളക്കളി. ഒരന്വേഷണവും നടക്കരുതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആഗ്രഹം. കേന്ദ്ര ഏജൻസികളും ബി.ജെ.പിയും അതിനോട് ചേർന്ന നിലപാടാണ് സ്വീകരിച്ചത്. യു.ഡി.എഫ് ഇത് ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുപ്പിൽ ചർച്ചായവുകയും ചെയ്തപ്പോഴാണ് കള്ളക്കളിക്ക് സംസ്ഥാന സർക്കാർ തയ്യാറായത്.
ഇത്തരം കള്ളക്കളികൾ കൊണ്ടൊന്നും പ്രയോജനമുണ്ടാവില്ലെന്ന് തിരഞ്ഞെടുപ്പുഫലം വരുമ്പോൾ ബോദ്ധ്യമാവും. ഇ.ഡിക്കെതിരായ കേസുകൾ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണമെന്ന പ്രഹസനം സർക്കാർ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.