തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം വരവിൽ ടൂറിസം മേഖല വിജയതീരത്തു നിന്ന് വീണ്ടും പ്രതിസന്ധിലേക്ക് വഴുതുന്നു. കഴിഞ്ഞ സാമ്പത്തിക വർഷമേറ്റ ഇരുട്ടടിയിൽ നിന്ന് ഇത്തവണ കരകയറാമെന്ന പ്രതീക്ഷയ്‌ക്കിടെയാണ് വീണ്ടും കൊവിഡെത്തിയത്. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികളുടെയും നൂറുകണക്കിന് സംരംഭകരുടെയും ഭാവി വീണ്ടും ഇരുളടഞ്ഞു.
ഡിസംബർ - ജനുവരി മാസങ്ങളിൽ ആഭ്യന്തര ടൂറിസ്റ്റുകൾ എത്തിത്തുടങ്ങിയതോടെ മേഖല വീണ്ടും സജീവമായിരുന്നു. എന്നാൽ കൊവിഡിന്റെ രണ്ടാം വരവിൽ ഇത് വീണ്ടും നിലച്ചു. പ്രതിസന്ധി രൂക്ഷമായതോടെ കൂടുതൽ സ്ഥാപനങ്ങൾ ടൂറിസം മേഖല ഉപേക്ഷിച്ച് പോകാനൊരുങ്ങുകയാണ്.
ടൂറിസം മേഖലയിൽ രാജ്യത്തെമ്പാടും 30 ശതമാനം സ്ഥാപനങ്ങൾ പൂട്ടിയെന്നാണ് ഔദ്യോഗിക കണക്ക്. ഇത്തരത്തിൽ പതിനായിരക്കണക്കിനാളുകൾക്ക് ജോലി നഷ്ടപ്പെട്ടു.
തകർന്ന ടൂറിസം മേഖലയെ തിരിച്ചുപിടിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാര്യമായ നടപടിയെടുത്തില്ലെന്നാണ് ഇവരുടെ പരാതി.
ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾക്ക് ബാങ്കുകൾ വായ്പ പോലും നൽകുന്നില്ല. കലാകാരൻമാർക്കും ഹൗസ്‌ബോട്ടുകൾക്കും ഗൈഡുകൾക്കും ഒറ്റത്തവണ സഹായം നൽകിയതു മാത്രമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടൽ.
2019 സാമ്പത്തിക വർഷത്തിൽ 45,010 കോടി രൂപയാണ് ടൂറിസത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചത്. 2019ൽ ടൂറിസത്തിലൂടെ 2,10,000 കോടി വിദേശ നാണ്യമാണ് രാജ്യത്തിന് ലഭിച്ചത്. എന്നാൽ കൊവിഡിനെ തുടർന്ന് 2020ൽ 25,000 കോടിയായിരുന്നു നഷ്ടം.
ടൂറിസം കണക്കുകൾ ഇങ്ങനെ
2019ൽകേരളത്തിലെത്തിയ ആഭ്യന്തര ടൂറിസ്റ്റുകൾ- 1.96 കോടി
ഇത് മുൻ വർഷത്തേക്കാൾ 17.2 ശതമാനം അധികമായിരുന്നു
വിദേശ ടൂറിസ്റ്റുകളുടെ വരവിലെ വർദ്ധന - 8.52 ശതമാനം
ആകെ എത്തിയ വിദേശ ടൂറിസ്റ്റുകൾ- 11.89 ലക്ഷം
2019 ൽ മുൻ വർഷത്തെ അപേക്ഷിച്ച് ലഭിച്ച അധിക വരുമാനം- 24.14 ശതമാനം