തിരുവനന്തപുരം: സിവിൽ സപ്ലൈസിന്റെ ഡിപ്പോകളിൽ കെട്ടിക്കിടക്കുന്ന 1012 ക്വിന്റൽ കടല വിതരണത്തിന് അനുമതി ചോദിച്ച് ഭക്ഷ്യവകുപ്പ് കേന്ദ്ര സർക്കാരിന് വീണ്ടും കത്തയയ്ക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരം ബി.പി.എൽ കാർഡുടമകൾക്ക് സൗജന്യമായി വിതരണം ചെയ്യാനെത്തിച്ചതിൽ ബാക്കി വന്ന കടലയാണിത്.
കടല നശിക്കുന്നത് ചൂണ്ടിക്കാട്ടി, 'പാവപ്പെട്ടവർക്ക് കൊടുക്കാതെ... നശിക്കുന്നു, ഒരു ലക്ഷം കിലോ കടല' എന്ന തലക്കെട്ടിൽ 13ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 14ന് എഡിറ്റോറിയലും എഴുതി. തുടർന്നാണ് രണ്ടാമതും കത്തയയ്ക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.
ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയാണ് അരിയും കടലയും ആദ്യം വിതരണം ചെയ്തത്. പിന്നീട് നവംബർ വരെ ദീർഘിപ്പിച്ചു. രണ്ടാം ഘട്ടമായി രാജ്യത്താകെ 9.7 ലക്ഷം മെട്രിക് ടൺ കടലയാണ് വിതരണത്തിനെത്തിച്ചത്. സംസ്ഥാനത്ത് ലഭിച്ചതിൽ ആയിരത്തിലധികം ക്വിന്റലാണ് കെട്ടിക്കിടക്കുന്നത്.
ഈ കടല റേഷൻകടകൾ വഴി വിതരണത്തിന് അനുമതിക്കായി കേന്ദ്രത്തിന് കഴിഞ്ഞ മാസം കത്തയച്ചപ്പോൾ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കമ്മിഷന്റെ അനുവാദമില്ലാതെ ഉത്തരവിറക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി. അതിനു മുമ്പ് 296 ക്വിന്റൽ ഭക്ഷ്യക്കിറ്റിലേക്ക് സർക്കാർ വകമാറ്റിയിരുന്നു.
'കടല നശിച്ചു പോകാതിരിക്കാൻ മുൻകരുതൽ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി"
- ഭക്ഷ്യമന്ത്രിയുടെ ഓഫീസ്