secratariate

തിരുവനന്തപുരം: വോട്ടെണ്ണുന്നതിന് മുമ്പേ ഫയൽ തീർപ്പാക്കാൻ സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ നെട്ടോട്ടം. തീർപ്പാകാത്ത ഫയലുകൾ പുതിയ സർക്കാർ വരുന്നതിന് മുമ്പ് തീർപ്പാക്കി,​ തങ്ങൾക്ക് പണി കിട്ടാതിരിക്കാനുള്ള മുൻകരുതലാണ്.

യു.ഡി.എഫ് അനുകൂല ജീവനക്കാർ തങ്ങളുടെ സർക്കാരാണ് വരുന്നതെങ്കിൽ മോഹിച്ച സീറ്റുകളിലെത്താനാണ് ഫയൽ തീർപ്പാക്കാൻ ഓട്ടപ്രദക്ഷിണം നടത്തുന്നത്. എൽ.ഡി.എഫ് അനുകൂല ജീവനക്കാർ തുടർഭരണം മോഹിച്ചും.

പുതിയ മന്ത്രിമാർ വരുമ്പോൾ ജീവനക്കാരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റും. ഇ-ഫയൽ ആയതിനാൽ ഒരു ഫയൽ ആരുടെ മേശപ്പുറത്താണെന്ന് അറിയാം. പകുതി പൂർത്തിയാക്കിയ ഫയലിൻെറ ശേഷിക്കുന്ന ജോലി കൂടി തീർത്താൽ പുതിയ സർക്കാരിൽ ഇഷ്ട സീറ്റിലേക്ക് മാറാമെന്നാണ് മോഹം. പഞ്ചിംഗ് ഇപ്പോഴില്ലെങ്കിലും ജീവനക്കാരെല്ലാം മുറപോലെ വരുന്നു. തിരക്കിട്ട് ഫയലുകൾ

നോക്കുന്നു. സെക്രട്ടറിമാർക്കും ഇരിക്കപ്പൊറുതിയില്ല. ഇഷ്ട സീറ്റുകളിലാണ് അവരുടെയും കണ്ണ്.

റവന്യൂ വകുപ്പിൽ മാത്രം 17,000 ത്തോളം ഫയലുകൾ തീർപ്പാക്കാനുണ്ട്. ഒരു വർഷം ശരാശരി തീർപ്പാക്കുന്നത് 1.5 ലക്ഷം ഫയലുകൾ. മന്ത്രിമാരുടെ ഒപ്പും നയപരമായ തീരുമാനങ്ങളും ആവശ്യമില്ലാത്ത ഫയലുകളാണ് ഇപ്പോൾ കൊണ്ടു പിടിച്ച് തീർപ്പാക്കുന്നത്.

സെക്രട്ടേറിയറ്റിലെ

മൊത്തം വകുപ്പുകൾ -42

ആകെ ജീവക്കാർ - 4700

നിയമസഭയിൽ -1200

ധനകാര്യം - 600

നിയമം - 450

വ്യവസായം - 150

പൊതുവിദ്യാഭ്യാസം- 280