dd

പോത്തൻകോട്: ജില്ലയിലെ വലിയ വാട്ടർഷെഡുകളിൽ ഒന്നായ തെറ്റിയാർ നീർത്തടം മാലിന്യപ്പുഴയായി മാറിയിട്ടും പുനരുജ്ജീവനം ഇനിയും കാണാപ്പാടമകലെയാണ്. തലസ്ഥാനത്തിന്റെ കാർഷിക മേഖലകളുടെയും നഗരാതിർത്തിയോട് ചേർന്നുള്ള അണ്ടൂർക്കോണം, പോത്തൻകോട് ഗ്രാമപഞ്ചായത്തുകളുടെ പ്രധാന കുടിവെള്ള ഉറവിടവുമായ തെറ്റിയാർതോട് ഇന്ന് മാലിന്യം നിറഞ്ഞ് നാശത്തിന്റെ വക്കിലാണ്. ജനങ്ങൾ ദൈനംദിന കാര്യങ്ങൾക്കും കൃഷിക്കും ആശ്രയിച്ചിരുന്ന ഈ തോടിന്റെ പല കൈവഴികളും ഇന്ന് കൈയേറ്രക്കാരുടെ അധീനതയിലാണ്. നിയന്ത്രണങ്ങളില്ലാതെ തെറ്റിയാറിന്റെ കരകളിലെ അനധികൃത കൈയേറ്റങ്ങൾ ഈ ജലസ്രോതസിനെ മലിനമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തെറ്രിയാറിലേക്ക് മാസംവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതും കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിവിടുകയും ചെയ്യുന്നത് ഇതിനോട് ചേർന്നുള്ള ജലസ്രോതസുകളെയും മലിനമാക്കുകയാണ്. കൈയേറ്റങ്ങൾ കാരണം തോടിന്റെ പലഭാഗത്തും വീതി കുറഞ്ഞിട്ടുണ്ട്. മാലിന്യനിക്ഷേപിക്കുന്നതിനാൽ ഒഴുക്ക് നിലച്ച് കാട്ടുചെടികൾ വളർന്ന് തോടിന്റെ പലഭാഗവും തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണ്. മുൻപ് പതിനെട്ട് മുതൽ മുപ്പത്തിയാറ് മീറ്റർ വീതിയുള്ള തെറ്റിയാറിന് സമീപത്തായി തെങ്ങുകൾ വളർന്ന പുറമ്പോക്ക് കരഭാഗങ്ങൾ ഉണ്ടായിരുന്നു. കഴക്കൂട്ടം ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോൾ അവസാനത്തെ പഞ്ചായത്ത് ഭരണസമിതി തെറ്റിയാറിന്റെ പുറമ്പോക്കിലെ തെങ്ങുകൾ റവന്യൂ ഉദ്യോഗസ്ഥരെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തി ലേലം ചെയ്യാൻ നമ്പർ ഇട്ടെങ്കിലും പിന്നീട് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഈ ഭാഗങ്ങൾ കൈയേറ്റക്കാരുടെ പക്കലാണ്. തെറ്റിയാർ തോടിന്റെ ഉത്ഭവകേന്ദ്രങ്ങളിലെ നീർത്തടങ്ങൾ വൻകിട നിർമ്മാണങ്ങളുടെ ഭാഗമായി കൈയേറുന്നതും മാലിന്യ നിക്ഷേപവും കാരണം പ്രദേശത്തെ ജലലഭ്യത നാൾക്കുനാൾ കുറഞ്ഞുവരുന്നെന്നാണ് പഠനങ്ങൾ പറയുന്നത്. തെറ്റിയാറിന്റെ തകർച്ച ഇവിടത്തെ കാർഷിക മേഖലയെയും ആവാസ വ്യവസ്ഥയെയും തകിടം മറിക്കുമെന്ന ഭയത്തിലാണ് നാട്ടുകാർ.

തെറ്രിയാർതോട്

കാട്ടായിക്കോണത്തെ മടവൂർപ്പാറയിലെ തെങ്ങുവിള കുളവും അതിന്റെ കൈവഴികളായ കല്ലടിച്ചവിള ഉടൻകുളം, കുണ്ടയത്തുനട, തെങ്ങാംവിള എന്നീ ചെറു നീർത്തടങ്ങളിൽ നിന്നുമുള്ള ഒരു നീരുറവയും പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തെങ്ങനാംകോട് ചിറയിൽ നിന്നുള്ള നീരുറവയും ചേരുന്നതാണ് തെറ്റിയാർ തോട്. കാട്ടായിക്കോണം കൂനയിൽ, പണിമൂല, വെട്ടുറോഡ് വഴി കഴക്കൂട്ടത്ത് എത്തിച്ചേരുന്ന ആദ്യത്തെ തോടും, കാട്ടായിക്കോണത്ത് നിന്ന് ആരംഭിച്ച് ശാസ്തവട്ടം, മൂഴിനട വഴി കഴക്കൂട്ടത്ത് എത്തുന്ന രണ്ടാമത്തെ തോടും ഒന്നുചേർന്നാണ് ആറ്റിപ്രയിലെത്തി ടെക്‌നോപാർക്കിനുള്ളിലൂടെ കടന്ന് വേളി കായലിൽ ചേരുന്നത്.

 ഈ പ്രദേശത്തെ നീർത്തടങ്ങളുടെയും കിണറുകളുടെയും പ്രധാന നീരുറവ തെറ്റിയാറാണ്

പ്രശ്നങ്ങൾ

 അറവ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നു

 കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിവിടുന്നു

 അനധികൃത കൈയേറ്റം

 പാഴ്ച്ചെടികൾ വളരുന്നു