കോവളം: മയക്കുമരുന്ന് കടത്തുന്നതിനിടെ തീരസംരക്ഷണസേന പിടികൂടി വിഴിഞ്ഞത്തെത്തിച്ച് കരയിൽ തൊണ്ടിയായി സൂക്ഷിച്ചിരിക്കുന്ന ബോട്ടുകളുടെ ദുരൂഹതയുടെ കെട്ടഴിയാത്തത് അധികൃതരെ കുഴയ്ക്കുന്നു. ഈ ബോട്ടുകൾക്ക് ഇനി എത്രകാലം കാവൽ നിൽക്കേണ്ടി വരുമെന്നതാണ് പൊലീസിനെ വെട്ടിലാക്കുന്നത്. ഇതിനൊരു തീരുമാനം അറിയാൻ കോടിതിയുടെ തീർപ്പ് വരണം.കഴിഞ്ഞ മാസമാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന് സമീപത്തുള്ള കടലിൽ നിന്ന് രണ്ടുഘട്ടമായി അകർഷദുവ, രവിഹൻസി എന്നീ ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടുകൾ തീരസംരക്ഷണ സേനയുടെ പിടിയിലായത്. ഇതിൽ അകർഷദുവയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ സേനയെക്കണ്ട് മയക്കുമരുന്ന് കടലിൽ തള്ളിയതായി ജീവനക്കാർ സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്നും എ.കെ 47 തോക്കുകളുമായാണ് രവിഹൻസ എന്ന ബോട്ട് പിടിയിലായത്. അയ്യായിരം കോടി രൂപ വിലവരുന്ന മയക്കുമരുന്ന് രണ്ട് ബോട്ടുകളിലുമായി കടത്താൻ ശ്രമിച്ചതായാണ് വിവരം. രണ്ട് ബോട്ടുകളിൽ നിന്നുമായി 12 ജീവനക്കാരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി മയക്കുമരുന്നും ആയുധങ്ങളും ആർക്കാണ് കൊണ്ടുവന്നതെന്ന് അറിയാനുള്ള ശ്രമത്തിലാണ് എൻ.സി.ബി. അന്വേഷണം പൂർത്തിയായി വിധി വന്നതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അതുവരെയും ഈ ബോട്ടുകൾ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് കരയിൽ തന്നെ തുടരും. എന്നാൽ വിഴിഞ്ഞം തീരദേശ പൊലീസ് സ്റ്റേഷന് സമീപത്തെ വാർഫിൽ കയറ്റിവച്ചിരിക്കുന്ന ശ്രീലങ്കൻ ബോട്ടുകൾ മത്സ്യബന്ധന സീസണിൽ വിനയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വിഴിഞ്ഞത്ത് മത്സ്യബന്ധന സീസൺ തുടങ്ങാനിരിക്കെ മറ്റ് തീരങ്ങളിൽ നിന്നടക്കം നൂറുകണക്കിന് വള്ളങ്ങൾ എത്തുമ്പോഴുണ്ടാകുന്ന സ്ഥലപരിമിതി ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാമെന്നാണ് അധികൃതർ പറയുന്നത്.