പാറശാല: വീട് പുതുക്കാൻ സ്വകാര്യബാങ്കിൽ നിന്ന് വായ്പ എടുത്ത തുക മദ്യപിക്കാൻ നൽകില്ലെന്ന് പറഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
പാറശാലക്ക് സമീപം വടൂവൂർകോണം ചൂരക്കുഴി മേക്കുംകര പുത്തൻവീട്ടിൽ മീനയാണ് (35) വീട്ടുമുറ്റത്ത് വെട്ടേറ്റു മരിച്ചത്. ഭർത്താവായ ഷാജി (40) പിന്നാലെ പാറശാല സ്റ്റേഷനിൽ കീഴടങ്ങി. പിന്നീട് പൊഴിയൂർ പൊലീസെത്തി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 10.30 മണിയോടടുപ്പിച്ചാണ് സംഭവം.
പൊലീസ് പറയുന്നത്: മരംവെട്ടുകാരനായ ഷാജി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനാണ്. മീന തൊഴിലുറപ്പ് ജോലിക്കുപോയാണ് കുടുംബ കാര്യങ്ങൾ നോക്കിയിരുന്നത്. മീന വീട് പണിക്കായി കഴിഞ്ഞ ദിവസം 47,000 രൂപ ലോണെടുത്തിരുന്നു. ഈ തുക ഹോളോബ്രിക്സ് വാങ്ങാനായി ഷാജിയെ ഏൽപിച്ചു. 27,000 രൂപക്കുള്ള ഹോളോ ബ്രിക്സ് ഷാജി എത്തിച്ചെങ്കിലും ബാക്കി തുക മീനയ്‌ക്ക് നൽകിയില്ല. പണം തിരികെ വേണമെന്നും മദ്യപിക്കാൻ തരില്ലെന്നും പറഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്.
പകൽ മുതൽ ഇതേച്ചൊല്ലി വഴക്ക് തുടങ്ങിയിരുന്നു. ബൈക്കിൽ പുറത്തേക്ക് പോയ ഷാജി രാത്രിയിൽ എത്തിയാണ് കൃത്യം നടത്തിയത്. പതിനഞ്ചും പതിനാലും വയസുള്ള രണ്ടു മക്കളും എട്ടുമണിയോടെ ഉറങ്ങിയ തക്കം നോക്കിയാണ് വെട്ടിയത്. പുറത്തേക്ക് ഓടിയ മീന മുറ്റത്ത് വീണപ്പോൾ അവിടെയിട്ടും വെട്ടുകയായിരുന്നു. മക്കളെ വിളിച്ച് അമ്മയെ വെട്ടിയ കാര്യം അറിയിച്ചശേഷം പാറശാല പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
മക്കൾ അറിയിച്ചതനുസരിച്ച് നാട്ടുകാർ മീനയെ പാറശാല താലൂക്ക് ആശുപത്രിയിലും പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 2 മണിയോടെ മരിച്ചു. തലയിലും മുഖത്തും തോളിലും കൈയിലും വെട്ടേറ്റിരുന്നു.
മുൻപ് ചട്ടുകം കൊണ്ടും അയൺ ബ്ലോക്സ് കൊണ്ടും പൊള്ളലേൽപ്പിക്കുകയും ചുടുകട്ട കൊണ്ട് മർദ്ദിക്കുകയും കൈ തല്ലി ഒടിക്കുകയും ചെയ്‌തിട്ടുണ്ട്. കൈ തല്ലി ഒടിച്ചതിനെ തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയ മീനയെ ഷാജി പിന്നീട് വിളിച്ചു കൊണ്ട് വരികയായിരുന്നു.
ബൈക്കും വെട്ടുകത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
പൂവാർ സി.ഐയുടെ നേതൃത്വത്തിൽ പൊഴിയൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.