തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.വി അബ്ദുൽ വഹാബ് വീണ്ടും രാജ്യസഭയിലേക്ക്. നിലവിൽ രാജ്യസഭാംഗമായ അദ്ദേഹം കാലാവധി കഴിയുന്നതിനെ തുടർന്നാണ് യുഡിഎഫിൽ ലീഗിന്റെ പ്രതിനിധിയായി വീണ്ടും മത്സരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിന് അദ്ദേഹം നിയമ സെക്രട്ടറി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദൻ,മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലികുട്ടി,സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവർക്കൊപ്പമാണ് പത്രിക സമർപ്പിച്ചത്..
70കാരനായ വഹാബ് 2004ലും 2015ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തി. മലപ്പുറത്തെ വിദ്യാഭ്യാസ സാമൂഹ്യ,സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് വഹാബ് നടപ്പാക്കിയ ജൻ ശിക്ഷൻ സദൻ ഇന്ത്യയിലും വിദേശത്തും ഏറെ ശ്രദ്ധ നേടി.യുണെസ്കോ പുരസ്ക്കാരം നൽകി ആദരിച്ചു. കേന്ദ്രസർക്കാരിന്റെ സാക്ഷർ ഭാരത് അവാർഡിനും അർഹനായി. . ലയൺസ് ക്ളബ് ഇന്റർനാഷണൽ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
മലപ്പുറം നിലമ്പൂർ സ്വദേശിയായ പി.വി.അബ്ദുൽ വഹാബ് രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും സമ്പന്നനായ പ്രതിനിധിയാണ്.ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന നിരവധി വ്യവസായ സ്ഥാപനങ്ങളുടെ അധിപനാണ്. യു.എ.ഇ,സൗദി അറേബ്യ എന്നിവിടങ്ങളിലായുള്ള ബ്രിഡ്ജ് വെ ഗ്രൂപ്പ് ഒാഫ് കമ്പനീസ്, പിവീസ് ഗ്രൂപ്പ് ഒാഫ് കമ്പനീസ് എന്നിവയുടെ അധിപനാണ്. ട്രേഡിംഗ്, ഷിപ്പിംഗ്,ഫാർമസി, പെട്രോളിയം തുടങ്ങിയ വിവിധ മേഖലയിലെ സ്ഥാപനങ്ങൾക്ക് പുറമെ , നിലമ്പൂരിലുള്ള പിവീസ് പബ്ളിക് സ്കൂൾ, കേരളമെമ്പാടുമുള്ള ഇൻഡസ് മോട്ടോഴ്സ് ഡീലേഴ്സ്, ഫറോക്ക് പ്ളൈവുഡ്ഇൻഡസ്ട്രി, തിരുപ്പൂരിലെ ബ്രിഡ്ജ് വെ ടെക്സ്റ്റൈൽസ്,വൻ മുതൽമുടക്കുളള ഫറോക്കിലെ പിവീസ് പെട്രോളിയം കമ്പനി തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിയാണ്. മലബാർ ഡവലപ്മെന്റ് ബോർഡ്, മലബാർ എയർപോർട്ട് ഡവലപ്മെ്നറ് ആക്ഷൻ കമ്മിറ്റി എന്നിവയുടെ ഭാരവാഹിയാണ്. 32 ദശലക്ഷം ഡോളറിന്റെ ( ഏകദേശം 230 കോടി രൂപ)സ്വത്തുണ്ടെന്നാണ് ഒൗദ്യോഗിക വെളിപ്പെടുത്തൽ.ജാസ്മിനാണ് ഭാര്യ. മക്കൾ: ജാബിർ,ജാവിദ്,അജ്മൽ,അഫ്സൽ.