തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ആരാധനാലയങ്ങളിൽ സ്ഥലവിസ്തൃതിയുടെ പകുതിയിൽ താഴെ ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇത് പരമാവധി 75 പേരിൽ കവിയരുതെന്നും കളക്ടർ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ മതസാമുദായിക പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് നിർദ്ദേശങ്ങൾ.
മതപരമായി ആഘോഷങ്ങൾ നടത്തുമ്പോൾ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. കഴിയുന്നതും ചടങ്ങുകൾ മാത്രമായി ഇവ പൂർത്തിയാക്കണം. അന്നദാനം ഉൾപ്പെടെയുള്ള പരിപാടികൾ ഒഴിവാക്കണം. ആരാധനാലയങ്ങളിൽ ടാങ്കുകളിലും മറ്റും വെള്ളം സംഭരിച്ച് പൊതുവായി ഉപയോഗിക്കുന്നതിന് പകരം പൈപ്പിലൂടെ വെള്ളം ഉപയോഗിക്കണം. ഇൻഡോർ പരിപാടികളിൽ 75, ഔട്ട്ഡോർ പരിപാടികളിൽ 150 പേരും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. ആരാധനാലയങ്ങളിലെ 45ന് മുകളിൽ പ്രായമുള്ള എല്ലാ പുരോഹിതരും സഹായികളും കൊവിഡ് വാക്സിൻ എടുക്കണം. വാക്സിൻ എടുത്തിട്ടില്ലാത്തവരും 45 ന് മുകളിൽ പ്രായമുള്ളവരും ഓരോ 15 ദിവസം കഴിയുമ്പോഴും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്രീവാണെന്ന് ഉറപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വിവിധ മത, സാമുദായിക സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എ.കെ. മീരാ സാഹിബ്, എ.ആർ. ഖാൻ, എ. സാബു, ഫിന്നി സക്കറിയ, ബി. ശ്രീകുമാർ, വിഷ്ണു വിജയ്, ആർ. രാഹുൽ, ഉണ്ണികൃഷ്ണൻ, തോമസ് തെക്കേൽ, ആർ. പ്രതാപചന്ദ്രൻ, ജെ. രാധാകൃഷ്ണപിള്ള, വി. ശോഭ, എം.എ. അജിത് കുമാർ, ബി. അനിൽകുമാർ എന്നിവരും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ഗായത്രീദേവി എന്നിവരും പങ്കെടുത്തു.