തിരുവനന്തപുരം: സ്ഥലം തമ്പാനൂർ ബസ് സ്റ്റാൻഡ്. സമയം വൈകിട്ട് 5 മണി. ഏറെ നേരത്തിനു ശേഷം നെയ്യാറ്റിൻകര - കളിയിക്കാവിള ഓർഡിനറി ബസ് എത്തി. കാത്തു നിന്ന യാത്രക്കാർ ബസിന്റെ വാതിൽക്കലേക്ക് ഓടി. ഇടിച്ചു ഞെരുങ്ങി കയറി. പരസ്പരം തള്ളിയും ഉന്തിയുമൊക്കെ അകത്തേക്ക് കടന്നാൽ പിന്നെ സീറ്റ് പിടിക്കാനുള്ള തത്രപ്പാട്. സീറ്റ് കിട്ടാത്തവർ നിൽക്കും. നിറയെ യാത്രക്കാരുമായി ബസ് പുറപ്പെട്ടു. വഴിയിലെ സ്റ്റോപ്പുകളിൽ പിന്നേയും യാത്രക്കാർ.
കുറച്ചു മാറി ഒരു സ്വകാര്യ ബസ് പോകുന്നു. അതിലുമുണ്ട് തിങ്ങി നിറഞ്ഞ് യാത്രക്കാർ. പുറകെ പോയ വേണാട് ബസിലും തിരക്ക് തന്നെ. കൊവിഡ് വ്യാപനം ഇത്രയേറെ ആയിട്ടും യാത്രക്കാരുടെ തിരക്കുള്ളപ്പോൾ പോലും കെ.എസ്.ആർ.ടി.സി ആവശ്യത്തിന് ബസുകൾ അയയ്ക്കാത്തതിന്റെ നേർചിത്രങ്ങളാണിതൊക്കെ.
കൊവിഡിന്റെ രണ്ടാം വരവോടെ ബസുകളിൽ കഴിഞ്ഞ മാസത്തെ പോലെ ആളില്ല. അതിന്റെ പേരിൽ സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണ്. ഇങ്ങനെ വെട്ടിക്കുറയ്ക്കുമ്പോൾ കിട്ടുന്ന ബസിൽ യാത്രക്കാരെല്ലാം കയറുമെന്നും അത് യാത്രക്കാരുടെ മാത്രമല്ല, ജീവനക്കാരുടെയും ആരോഗ്യം അപകടത്തിലാക്കുമെന്ന് തലപ്പത്തിരിക്കുന്നവർ ചിന്തിക്കുന്നില്ല. യാത്രക്കാർ കുറവായ ഉച്ച നേരത്തെ പോലെയാണ് ഇന്നലെ വൈകിട്ട് സർവീസുകൾ നടത്തിയത്. തിരക്ക് കുറയുമ്പോൾ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കും.
ലോക്ക് ഡൗൺ കാലത്ത് സർവീസുകൾ ഇല്ലാതിരുന്നപ്പോഴും പിന്നീട് പുനരാംഭിച്ചപ്പോഴും ശമ്പളം നൽകിയത് സർക്കാരായിരുന്നു. കൊവിഡ് നിയന്ത്രണം പാലിച്ച് സർവീസ് നടത്താനായി ടിക്കറ്റ് നിരക്കിൽ 25% വർദ്ധനവും അനുവദിച്ചു. എന്നാൽ ജനോപകാരപ്രദമായി സർവീസ് നടത്തുന്ന കാര്യം മറന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ പോക്ക്. ആകെ സർവീസുകളുടെ പകുതി പോലും ഇപ്പോൾ ഇല്ല.