കാസർകോട്: ബദിയടുക്കയിൽ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടികൊണ്ടു പോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അതിനിടെ തട്ടികൊണ്ടു പോയതുമായി ബന്ധപ്പെട്ട് തളങ്കരയിലെ രണ്ട് വീടുകളിൽ വൻ പൊലീസ് സംഘം എത്തി റെയ്ഡ് നടത്തി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എ.എസ്. അഹ്മദ് റഈസ് (29), ഇ.എം. അബ്ദുൽ അമീൻ (27), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇബ്രാഹിം ബാദ്ശ (24) എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്.
പെർള ചെക് പോസ്റ്റിന് സമീപത്തെ അബ്ബാസിനെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. യുവാവിനെ തട്ടികൊണ്ടുപോയവർ തന്നെ ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മോചിപ്പിച്ചിരുന്നു. സഹോദരന്റെ വീടിന് സമീപം കാറിൽ കൊണ്ടുവന്ന് ഇറക്കിവിടുകയായിരുന്നു. സംഘം സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. സംഘത്തിൽ 12 പേർ ഉണ്ടെന്ന് അബ്ബാസിന്റെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ വെളുത്ത ഇയോൺ കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും നെല്ലിക്കട്ട സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. അബ്ബാസിന്റെ ഗൾഫിലുള്ള സഹോദരനുമായി ബന്ധപ്പെട്ട സ്വർണ ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഗൾഫിലായിരുന്ന അബ്ബാസിന്റെ സഹോദരൻ 25 ലക്ഷത്തിലധികം രൂപയുടെ സ്വർണവുമായി ഒരാഴ്ച മുമ്പ് നാട്ടിലെത്തിയതായും എന്നാൽ സ്വർണം ഗൾഫിൽ നിന്നും കൊടുത്തുവിട്ടവർക്ക് തിരിച്ചേൽപ്പിക്കാതെ സഹോദരൻ ഒളിവിൽ പോയതായുമാണ് തട്ടികൊണ്ടുപോയവർ അബ്ബാസിനോട് പറഞ്ഞത്. എന്നാൽ സഹോദരൻ നാട്ടിലെത്തിയ കാര്യം അറിയില്ലെന്നാണ് അബ്ബാസും വീട്ടുകാരും പൊലീസിന് മൊഴി നൽകിയത്. എറണാകുളത്ത് ജോലി ചെയ്തുവരികയാണ് അബ്ബാസ്. തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നാട്ടിലെത്തിയത്.
ക്രിക്കറ്റ് കളിക്കിടെ അവരെത്തി
അബ്ബാസ് വൈകീട്ട് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ തന്നെ ഒരു സംഘം നിരീക്ഷിച്ചുകൊണ്ടിരുന്നതായി സംശയിച്ചിരുന്നു. തുടർന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അബ്ബാസിനെ തട്ടിക്കൊണ്ടുപോയത്.
കൂടിവരുന്ന തട്ടിക്കൊണ്ടുപോകൽ
ജില്ലയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതുമായ സംഭവങ്ങൾ കൂടിവരികയാണ്. ഏതാനും ദിവസം മുമ്പ് ബദിയടുക്ക പാടലടുക്കയിൽ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതും സ്വർണമിടപാട് സംബന്ധിച്ച തർക്കത്തെ തുടർന്നായിരുന്നു. ഏതാനും മാസം മുമ്പ് മേൽപ്പറമ്പിലും സമാന സംഭവം അരങ്ങേറിയിരുന്നു.