കെ.കെ. രാഗേഷിന് രണ്ടാം ടേമില്ല
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം മത്സരിക്കുന്ന രണ്ട് സീറ്റുകളിലേക്ക് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഡോ.വി. ശിവദാസനെയും, മാദ്ധ്യമപ്രവർത്തകനും കൈരളി ടി.വി എം.ഡിയും മുഖ്യമന്ത്രിയുടെ മുൻ മാദ്ധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസിനെയും പരിഗണിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
ഡൽഹി കർഷകസമരത്തിന്റെ മുൻനിരയിൽ സജീവമായ ,രാജ്യസഭാംഗത്വമൊഴിയുന്ന കെ.കെ. രാഗേഷിന് ഒരവസരം കൂടി നൽകണമെന്ന ചർച്ചകളുണ്ടായെങ്കിലും , സംസ്ഥാനകമ്മിറ്റി അംഗങ്ങൾക്ക് ഒരു ടേം മാത്രമെന്ന മാനദണ്ഡം മറികടക്കേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ ഒഴിവിലേക്ക് യു.ഡി.എഫിൽ നിന്ന് മുസ്ലിംലീഗിലെ പി.വി. അബ്ദുൾ വഹാബ് ഇന്നലെ നാമനിർദ്ദേശ പത്രിക നൽകി.
പാർട്ടി അഖിലേന്ത്യാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്ര നേതൃത്വത്തിലുള്ളവർക്ക് മാത്രമാണ് സി.പി.എം രണ്ട് ടേം പരിഗണന നൽകുന്നത്. അതനുസരിച്ച് നേരത്തേ സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രൻ പിള്ള, എം.എ. ബേബി എന്നിവർ രണ്ട് തവണ പരിഗണിക്കപ്പെട്ടിരുന്നു.
വൈകിട്ട് ചേർന്ന ഇടതുമുന്നണി യോഗം സി.പി.എം തീരുമാനം അംഗീകരിച്ചു. രാജ്യസഭയിൽ പാർട്ടി ഗ്രൂപ്പായി അംഗീകാരം കിട്ടാൻ അഞ്ച് അംഗങ്ങൾ ആവശ്യമാണെന്ന സി.പി.എം വാദം യോഗം അംഗീകരിക്കുകയായിരുന്നു. നിലവിൽ രാജ്യസഭയിൽ സി.പി.എമ്മിന് ഗ്രൂപ്പ് അംഗീകാരമുണ്ടെങ്കിലും ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഒഴിയുന്നതോടെ അതില്ലാതാവും. ഈ സാഹചര്യത്തിൽ രണ്ട് പേർ അനിവാര്യമാണെന്ന് കോടിയേരി ബാലകൃഷ്ണൻ യോഗത്തിൽ അറിയിച്ചു. ഇടതുകക്ഷികളിൽ ഗ്രൂപ്പ് അംഗീകാരത്തിന് സാദ്ധ്യതയുള്ള ഒരേയൊരു കക്ഷി സി.പി.എം ആയതിനാൽ അതംഗീകരിച്ച് കൊടുക്കാമെന്ന് അദ്ധ്യക്ഷത വഹിച്ച കാനം രാജേന്ദ്രനും പറഞ്ഞു. നേരത്തേയും തഴയപ്പെട്ട തങ്ങളെ അടുത്ത തവണ പരിഗണിക്കണമെന്ന് ജനതാദൾ-എസും എൻ.സി.പിയും ആവശ്യപ്പെട്ടു. ആലോചിക്കാമെന്ന് സി.പി.എം നേതാക്കളറിയിച്ചു.
രാജ്യസഭാംഗമായിരുന്ന കെ..കെ. രാഗേഷ്, കമ്മ്യൂണിസ്റ്റ് അംഗമെന്ന നിലയിൽ കർഷകപ്രക്ഷോഭത്തിലടക്കം പങ്കെടുത്ത് മാതൃകാപരമായാണ് പ്രവർത്തിച്ചതെന്ന്, രാഗേഷിന്റെ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ വരുന്ന രണ്ടുപേരും അങ്ങനെയാവും. പാർട്ടി എല്ലാ കേഡർമാരെയും വിലയിരുത്തിയാണ് രണ്ടുപേരെ നിശ്ചയിച്ചത്. ഇടതുപക്ഷ മാദ്ധ്യമപ്രവർത്തനം മികച്ച നിലയിൽ നടത്തുന്നയാളാണ് ജോൺ ബ്രിട്ടാസ്. പത്രപ്രവർത്തനം മികച്ചതാണ്. നേരത്തേയും മാദ്ധ്യമപ്രവർത്തകനെ പാർട്ടി രാജ്യസഭയിലേക്കയച്ചിട്ടുണ്ടെന്നും വിജയരാഘവൻ വ്യക്തമാക്കി.
ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനെ പരിഗണിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും, ഗ്രൂപ്പ് അംഗീകാരം കിട്ടാൻ പാർട്ടി പ്രതിനിധികൾ തന്നെ വേണമെന്നതിനാൽ ഇത്തവണയും അദ്ദേഹം പരിഗണനയിലെത്തിയില്ല.